വിവാഹ പ്രായം 21 വയസ്: പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നു; സ്വാഗതാര്‍ഹമായ തീരുമാനം

വിവാഹ പ്രായം 21 വയസ്: പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നു; സ്വാഗതാര്‍ഹമായ തീരുമാനം

രാജ്യത്തെ ബാലവിവാഹ നിരോധന നിയമനത്തില്‍ ഭേദഗതി വരുത്തി സ്ത്രീകള്‍ക്ക് വിവാഹ പ്രായം പുരുഷനൊപ്പം 21 വയസ് ആക്കുവാന്‍ പോകുന്നു എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരും എന്നതില്‍ തര്‍ക്കമില്ല. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയ മേഖലകളിലെ വികസനവും സാധ്യമാക്കും.

മാത്രമല്ല, പ്രണയക്കെണികളൊരുക്കി മതം മാറ്റി വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന  മതമൗലിക വാദികള്‍ക്കുള്ള തിരിച്ചടികൂടിയായി ഈ നിയമ ഭേദഗതിയെ കാണാവുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് പതിനെട്ടു വയസായി വിവാഹം കഴിക്കുമ്പോള്‍ ഇത്തരക്കാര്‍ നിയമക്കുരുക്കുകളില്‍ നിന്നും രക്ഷപെടുകയും പക്വതയോടെയുള്ള തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പറ്റാതെ പോവുകയുമാണ് ചെയ്യുന്നത്. ഫലമോ, നിരപരാധികളായ പെണ്‍കുട്ടികള്‍ നിത്യദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.

എന്നാല്‍ വിവാഹ പ്രായം 21 ആയാല്‍ പെണ്‍കുട്ടികള്‍ക്ക് ബിരുദ പഠനം വരെ പൂര്‍ത്തിയാക്കാനും വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാനും മതം മാറ്റ ലോബിയുടെ തന്ത്രങ്ങളെ തിരിച്ചറിയാനും കൂടുതല്‍ സമയം ലഭിക്കും. ചിന്താശേഷി പക്വത പ്രാപിക്കും മുമ്പേ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ ദഹിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ ഈ നിയമത്തിന് രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളുടെയും പുരോഗമന ചിന്താഗതിക്കാരുടെയും അഭ്യസ്ത വിദ്യരുടെയും പിന്തുണ ഉണ്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

സ്ത്രീകള്‍ക്ക് വിവാഹ പ്രായം 21 വയസായിരിക്കണം എന്ന നിയമം നടപ്പിലായാല്‍ അത് ഇന്ത്യന്‍ സമൂഹിക പുരോഗതിയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴി തുറക്കും. 21 വയസു വരെയുള്ള കാലഘട്ടങ്ങള്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നേടുന്നതിനും ഉദ്യോഗ സംബന്ധിയായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനും സുപ്രധാനമായ സമയയമാണ്.

ഏതൊരു നല്ല ഉദ്യോഗത്തിനും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം മിനിമം യോഗ്യതയായി ഏറെക്കുറെ നിശ്ചയിക്കപ്പെട്ട ഇക്കാലത്ത് അതിനുള്ള അവസരമാണ് രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരുപോലെ കൈവരാന്‍ പോകുന്നത്. വിദ്യാഭ്യാസത്തിലൂടെ ലോകത്തെ കൂടുതല്‍ അറിയാനും അതിലൂടെ ഉന്നതമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം കരുപ്പിടിപ്പിക്കാനും അവര്‍ക്ക് സാധിക്കും.

പതിനെട്ടു വയസ് ഔദ്യോഗിക വിവാഹ പ്രായമായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ 18 തികയുന്നതിന് മുന്‍പു തന്നെ പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാന്‍ തിരക്കു കൂട്ടുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. ഇങ്ങനെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരുന്ന പെണ്‍കുട്ടികള്‍ അവരുടെ പല ജീവിതാഭിലാഷങ്ങളും വേണ്ടെന്നു വച്ചാണ് വിവാഹ മണ്ഡപത്തിലെത്തുന്നത്.

ഇത്തരത്തില്‍ കലാശാലാ വിദ്യാഭ്യാസമില്ലാതെ, തൊഴില്‍ പരിശീലനം ലഭിക്കാതെ, സ്വന്തമായ വരുമാനമില്ലാതെ ചെറു പ്രായത്തില്‍ തന്നെ പ്രാരാബ്ദങ്ങളിലേക്ക് കടന്നു പോകേണ്ടി വരുന്ന പെണ്‍കുട്ടികളുടെ നരക യാതനയ്ക്ക് പുതിയ നിയമ ഭേദഗതി ഒരു പരിഹാരമാകും എന്നു കരുതാം.

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 14 വയസായിരിക്കണമെന്ന 'ബാലവിവാഹ നിയന്ത്രണ നിയമം' 1929 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് നിജപ്പെടുത്തിയത്. അതിനു ശേഷം 1978 ല്‍ ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 18 വയസെന്നു തീരുമാനിക്കുകയായിരുന്നു. ഈ നിയമത്തിലാണ് പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തി വിവാഹപ്രായം 21 ആക്കുവാന്‍ പോകുന്നത്.

സ്ത്രീ-പുരുഷ സമത്വം എന്നത് ഏതൊരു സമൂഹത്തിന്റെയും പുരോഗതിയുടെ അളവുകോലായി മാറിയിരിക്കുന്നു. എന്നാല്‍ സ്ത്രീക്കും പുരുഷനും രണ്ട് വ്യത്യസ്ത പ്രായപരിധി വിവാഹത്തിന് നിശ്ചയിക്കുന്നത് സ്ത്രീകള്‍ക്ക് നേരേയുള്ള പ്രകടമായ വിവേചനം തന്നെയാണ്. ലിംഗ സമത്വം വിവാഹ വേദിയിലും പ്രകടമാകുന്നതോടെ ഇന്ത്യന്‍ യുവത്വത്തിന്റെ സാമൂഹിക ബോധം ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള പല പുരോഗമന ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ തക്കവിധം വികാസം പ്രാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.