ഗുജറാത്തില്‍ കോവിഡ് മരണം 10,100; നഷ്ടപരിഹാരം 24,000 പേര്‍ക്ക്, കേരളത്തില്‍ മരണം 44,189; തുക കിട്ടിയത് 548 പേര്‍ക്ക്

ഗുജറാത്തില്‍ കോവിഡ് മരണം 10,100; നഷ്ടപരിഹാരം 24,000 പേര്‍ക്ക്, കേരളത്തില്‍ മരണം 44,189; തുക കിട്ടിയത് 548 പേര്‍ക്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ കോവിഡ് നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തത് 24,000 കുടുംബങ്ങള്‍ക്ക്. സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര്‍ മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

അതേസമയം അപേക്ഷകരുടെയും നഷ്ടപരിഹാര വിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ 1.41 ലക്ഷം പേര്‍ മരിച്ച മഹാരാഷ്ട്രയില്‍ 87,000 അപേക്ഷകള്‍ ലഭിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്തത് 1658 പേര്‍ക്കു മാത്രം. അര്‍ഹരായവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. 22,915 പേര്‍ മരിച്ച ഉത്തര്‍പ്രദേശില്‍ ഏതാണ്ട് അത്ര തന്നെ അപേക്ഷ കിട്ടിയെന്നാണ് സംസ്ഥാനം അറിയിച്ചത്. ഇതില്‍ 20,060 പേര്‍ക്കു തുക നല്‍കി.

കേരളത്തില്‍ മരണം 44,189 ആയി. 10,777 പേരുടെ ബന്ധുക്കളാണ് അപേക്ഷിച്ചത്. അതില്‍ 548 പേര്‍ക്കു മാത്രമാണ് തുക നല്‍കിയത്. കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര പ്രചാരണം നല്‍കുന്നില്ലെന്ന വിമര്‍ശനം കേരളത്തിനു നേരെ സുപ്രീം കോടതി ഉന്നയിച്ചു.

നേരത്തേ പരസ്യം നല്‍കുന്നതില്‍ വൈമുഖ്യം കാട്ടിയ ഗുജറാത്ത് സര്‍ക്കാര്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു വ്യാപക പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ രീതി കേരളവും പിന്തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാര വിതരണത്തിന്റെ തല്‍സ്ഥിതി അറിയിച്ച് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.