കൊച്ചി: പുരാവസ്തുക്കളുടെ വില്പനയുടെ മറവില്‍ മോന്‍സൺ മാവുങ്കല്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.
മോന്‍സന്റെ കള്ളപ്പണമിടപാടുകള്‍ ഇഡി അന്വേഷിക്കണം. മറ്റു കാര്യങ്ങള്‍ ക്രൈംബ്രാഞ്ചും അന്വേഷിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഐജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുള്ള കേസാണിത്. മോന്‍സന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഇടപാടുകളൊക്കെ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മോന്‍സൺ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടിഎ ഷാജി അറിയിച്ചു. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടാല്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
കേസില്‍ വിശദീകണത്തിന് ഇഡി സമയം തേടി. അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്ന് ഇഡിക്കായി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍ വി നായര്‍ അറിയിച്ചു.
മോന്‍സനുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത ഐജി ലക്ഷ്മണയെ കേസില്‍ പ്രതിയാക്കിയോയെന്നു കോടതി ആരാഞ്ഞു. പരാതിയില്ലാത്തതിനാല്‍ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിശദീകരിച്ചു. മോന്‍സന്റെ മുന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.
പോലീസ് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. 23-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.