തരൂര്‍ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു; പക്ഷെ, ഇരിക്കുന്നിടം കുഴിക്കരുത്: വിമര്‍ശനവുമായി സുധാകരന്‍

തരൂര്‍ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു; പക്ഷെ, ഇരിക്കുന്നിടം കുഴിക്കരുത്: വിമര്‍ശനവുമായി സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂര്‍ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുടെ വൃത്തങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിയാണ്. അദ്ദേഹത്തെ നേരിട്ടു കണ്ട് സംസാരിക്കും. പറഞ്ഞതിന്റെ ലോജിക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വികസനത്തിന് വാശിയല്ല വേണ്ടത്, പ്രായോഗികതയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി കേരളത്തിന് ശാപമാകരുത്. പദ്ധതി കേരളത്തിന് വെള്ളിടിയാകും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ പദ്ധതിയില്‍ ആശങ്കയുണ്ട്. കണ്ണൂരില്‍ സിപിഎമ്മില്‍പ്പെട്ട ആളുകളുള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി തനിക്കറിയാം. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതു മാറ്റിവെച്ചാല്‍ തന്നെ, ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

വികസനം നാടിന്റെ വികസനമാണ്. അത് ജനങ്ങള്‍ക്ക് ആവശ്യമുള്ള വികസനമാകണം. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഈ പദ്ധതിയുമായി മുന്നോട്ടുപോകരുത്. മുമ്പ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തയാളാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്നു സമരം നടത്തിയ യെച്ചൂരിയുടെ പാര്‍ട്ടിയാണ് ഇന്ന് അതിവേഗ ട്രെയിനുമായി രംഗത്തുവരുന്നത്. ഇതെന്തൊരു വിരോധാഭാസമാണെന്ന് കെ സുധാകരന്‍ ചോദിച്ചു.

അങ്ങനെയൊരു നയം സ്വീകരിച്ച ഇടതുപക്ഷം ഇപ്പോള്‍ കൊണ്ടുവരുന്ന പദ്ധതി പ്രകാരം 292 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മതിലു കെട്ടി പദ്ധതി കൊണ്ടുപോകുമെന്നാണ് പറയപ്പെടുന്നത്. കെ റെയില്‍ പദ്ധതി ഇപ്പോള്‍ തന്നെ പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ പോകുകയാണ്.

കമ്പനി മുഴുവന്‍ സിപിഎം നേതാക്കളുടെ ഭാര്യയെയും പെങ്ങളേയും മക്കളേയും എല്‍പ്പിച്ചിരിക്കുകയാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയിലിന്റെ ജനറല്‍ മാനേജര്‍. ഇന്ത്യന്‍ റെയില്‍വേയിലെ ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രമാണ് ഇവര്‍. ഇത്തരം ഒരു പദ്ധതിയുടെ തലപ്പത്ത് കൂടുതല്‍ പരിചയസമ്പന്നരും വിദഗ്ധരുമായ ആളുകളെയാണ് നിയമിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയം നോക്കിയല്ല നിയമിക്കേണ്ടത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ബന്ധു അനില്‍കുമാര്‍ ആണ് കമ്പനിയുടെ സെക്രട്ടറി. എം.ഡി അജിത് കുമാറിന്റെ ഭാര്യയുടെ വീടാണ് വാടകയ്ക്ക് കമ്പനിയുടെ ഓഫീസാക്കി മാറ്റിയിരിക്കുന്നത്. കെ റെയില്‍ പദ്ധതിയില്‍ നിയമനം ലഭിച്ചവരില്‍ ഏറെയും പാര്‍ട്ടി അനുഭാവികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

യുഡിഎഫിനെ വികസന വിരോധികളെന്ന് മുദ്രകുത്തി വികസന നായകനാകാന്‍ ശ്രമിക്കുന്ന പിണറായി വിജയനും സിപിഎമ്മും കൂടി കേരളത്തില്‍ അട്ടിമറിച്ച വികസന പദ്ധതികള്‍ക്ക് കയ്യും കണക്കുമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.