സ്ത്രീകളുടെ വിവാഹപ്രായം: ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍; എതിര്‍ത്ത് കോണ്‍ഗ്രസും

സ്ത്രീകളുടെ വിവാഹപ്രായം: ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍; എതിര്‍ത്ത് കോണ്‍ഗ്രസും

ന്യുഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതേസമയം കേന്ദ്രനീക്കത്തിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. വിവാഹ പ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് വേണുഗോപാല്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിര്‍ക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം. ഇന്ത്യയില്‍ ഇപ്പോള്‍ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിര്‍ത്ത് വോട്ടു ചെയ്യാന്‍ തീരുമാനിച്ചതായും സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി.

കൂടാതെ അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിര്‍ക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച രാജ്യസഭയില്‍ ബില്ല് കൊണ്ടു വരാനാണ് സര്‍ക്കാര്‍ നീക്കം. ബില്ല് പുരോഗമനപരം എന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.