പുനസംഘടനയുമായി സഹകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍: രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിക്കും; സമവായത്തിന്റെ ഭാവി എത്ര നാള്‍?

പുനസംഘടനയുമായി സഹകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍: രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിക്കും; സമവായത്തിന്റെ ഭാവി എത്ര നാള്‍?

തിരുവനന്തപുരം: ഇടഞ്ഞു നിന്ന കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ അനുരഞ്ജന പാതയിലേക്ക്. കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചു.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമവായം. രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിക്കാനും തീരുമാനമായി.

കെ.സുധാകരന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ വന്നതിനെ പിന്നാലെ കെപിസിസിയിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ക്ക് ഇതോടെ താല്‍ക്കാലിക ശമനമായി. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന പാടില്ലെന്ന ഉറച്ച നിലപാട് ഗ്രൂപ്പുകള്‍ മയപ്പെടുത്തി.

ഗ്രൂപ്പ് നേതാക്കള്‍ പട്ടിക നല്‍കാത്തതിനാല്‍ പുനസംഘടന പാതി വഴിയിലായിരുന്നു. തദ്ദേശ വാര്‍ഡുകളുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പടെ ഗ്രൂപ്പ് നേതാക്കളുടെ പിന്നോട്ട് പോക്ക് നേതൃത്വത്തെ വലയ്ക്കുകയും ചെയ്തു.

ഭിന്നിപ്പ് തുടരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വ്യക്തമായതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയെയുമായി കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുടേയും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നാണ് നേതൃത്വം നല്‍കിയ ഉറപ്പ്.

സംഘടനാ തെരഞ്ഞെടുപ്പ് വൈകുമെന്നതിനാല്‍ പുനസംഘടനയുമായി മുന്നോട്ട് പോകാന്‍ ഒടുവില്‍ ധാരണയായി. ആദ്യം ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ എല്ലാം ഗ്രൂപ്പുകള്‍ക്ക് വഴങ്ങില്ലെന്ന സന്ദേശവും കെപിസിസി പ്രസിഡന്റ് നല്‍കുന്നുണ്ട്.

രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും അംഗീകരിച്ചു. താഴേത്തട്ടിലെ പുനസംഘടനയ്ക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ അഞ്ചംഗ സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന പേരുകള്‍ അതേ പടി കെപിസിസി നേതൃത്വം അംഗീകരിക്കുമോ എന്നുള്ളതിനെ ആശ്രയിച്ചിരിക്കും സമവായത്തിന്റെ ഭാവി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.