കൊച്ചി: സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍ സി നജ്മലും ഇസ്ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമല്‍ താന്‍ മതം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍ സി ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്.
രണ്ടു വര്‍ഷം മുമ്പാണ് എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് തന്റെ പേര് കമല്‍ സി നജ്മല്‍ എന്നാണെന്ന് ഇദ്ദേഹം ഫേസ്ബുക്കിലൂടെ തന്നെയാണ് അറിയിച്ചത്. മുന്‍ നക്‌സലൈറ്റ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടിയാണ് അന്ന് കമല്‍ സി മതം മാറിയത്.
കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.എന്‍ ജോയി ആണ് മതം മാറിയ ശേഷം നജ്മല്‍ ബാബു എന്നു പേരുമാറ്റിയത്. മരിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പാണ് ജോയി മുസ്ലിംമായത്. ഇസ്ലാം മതം സ്വീകരിച്ചുവെങ്കിലും മരണ ശേഷം നജ്മല്‍ ബാബുവിനെ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് അന്ന് കമല്‍ മതം മാറിയതെന്ന് എഫ് ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്.
അത് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ താന്‍ ഇസ്ലാം മതം വിടുന്നതായി കമല്‍ സി ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കിയത്.
കമല്‍ സി നജ്മലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
''ഞാന്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്ട്രീയ സാഹചര്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തില്‍ വ്യക്തത വരാതിരിക്കുകയും വര്‍ഗീയതയ്ക്ക് ബദല്‍ വര്‍ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല.
പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞു. വര്‍ഗീയ ഫാസിസത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവ വികാസങ്ങള്‍ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങള്‍ക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികള്‍, വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകള്‍, കോക്കസ് പ്രവര്‍ത്തനങ്ങള്‍, ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമായ കൂടിച്ചേരലുകള്‍ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താന്‍ കാരണമാക്കുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ വരമ്പുകള്‍ എവിടെയും ഇല്ല .
ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയില്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ് ഞാന്‍. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകള്‍ എന്നെ ആ സമീപനത്തില്‍ മാറ്റം വരുത്താല്‍ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികള്‍ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങള്‍ക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ല.
മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ക്ക് വളക്കൂറുള്ള മണ്ണ് നല്‍കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകള്‍ക്ക് ആഗ്രഹിക്കുന്നു. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങള്‍ ഉപേക്ഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.