പ്രണയപ്പകയുടെ പേരില്‍ പെണ്‍കുട്ടികളെ കൊന്നു തള്ളുന്ന കേരളം

പ്രണയപ്പകയുടെ പേരില്‍  പെണ്‍കുട്ടികളെ കൊന്നു തള്ളുന്ന കേരളം

ണിന്റെ പ്രണയപ്പക ഒരു പെണ്‍കുട്ടിയുടെ കൂടി ജീവനെടുത്തു. കോഴിക്കോട് തിക്കൊടി സ്വദേശിനി കൃഷ്ണ പ്രിയയെന്ന 22 കാരിയാണ് പ്രണയപ്പക തീര്‍ത്ത പ്രതികാരത്തിന്റെ കേരളത്തിലെ അവസാന ഇര.

തിക്കോടി പഞ്ചായത്ത് ഓഫിസിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണ പ്രിയയെ വെള്ളിയാഴ്ച രാവിലെ തിക്കൊടി സ്വദേശിയായ നന്ദകുമാര്‍ എന്ന യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്വയം തീകൊളുത്തിയ നന്ദകുമാറും കൊല്ലപ്പെട്ടു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം

കൃഷ്ണ പ്രിയയുമായി സൗഹൃദത്തിലായിരുന്ന നന്ദകുമാര്‍, തന്നെ ഒഴിവാക്കുമോയെന്ന ഭയത്തിലാണ് ഒരു നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയെ വകവരുത്തിയത്. കൃഷ്ണ പ്രിയയ്ക്കുമേല്‍ പല വിധത്തിലുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചിരുന്ന നന്ദകുമാറിന് തന്റെ എതിര്‍പ്പ് വകവയ്ക്കാതെ പഞ്ചായത്ത് ഓഫിസിലെ പ്ലാനിംഗ് വിഭാഗത്തില്‍ കിട്ടിയ പ്രൊജക്ട് അസിസ്റ്റന്റിന്റെ ജോലിക്ക് പോയതാണ് പെണ്‍കുട്ടിയ്ക്ക് മരണ ശിക്ഷ വിധിക്കാന്‍ പ്രകോപനമായത്.

എം.എസ്.സി ബിരുദധാരിയായ കൃഷ്ണ പ്രിയയെ സംബന്ധിച്ച് ആ ചെറിയ ജോലി തന്റെ കുടുംബ പ്രാരാബ്ദങ്ങള്‍ ചെറുതായെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗമായിരുന്നു. അച്ഛന്‍ മനോജന്‍ ഹൃദയ സംബന്ധമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്. അനുജന്‍ വിദ്യാര്‍ത്ഥിയാണ്. ഈ മാസം ഒമ്പതാം തീയതിയായിരുന്നു കൃഷ്ണ പ്രിയ ജോലിക്ക് കറിയത്.

പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കത്തിച്ചും കുത്തിയും കൊല്ലുന്നത് കേരളത്തില്‍ പതിവ് സംഭവമായിരിക്കുകയാണ്. നടുറോഡില്‍വച്ചും വീടിനകത്ത് കയറി ചെന്നുമൊക്കെയാണ് 'കാമുകന്മാര്‍' പെണ്‍കുട്ടികളെ തീയിലെരിച്ചും വെട്ടിനുറുക്കിയും ഇല്ലാതാക്കുന്നത്. ഒരു പെണ്‍കുട്ടി പ്രണയം നിരസിച്ചാല്‍, വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞാല്‍ അവള്‍ക്കുള്ള മറുപടി മരണമാണ്.

നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന പ്രണയവും വൈവാഹിക ജീവിതവും നിക്ഷേധിച്ചാല്‍ ക്രൂരമായി കൊലപ്പെടുത്തുന്ന ക്രൂരത... എന്തുകൊണ്ടാണ് മലയാളിയുടെ പുരുഷബോധം ഇത്രമേല്‍ അധപതിച്ചു പോയത്? ഒരോ സംഭവവും ഒറ്റപ്പെട്ടത് എന്ന നിലയില്‍ കണ്ട് കൈയൊഴിയുമ്പോഴാണ് ഇവിടെ ഓരോരോ പെണ്‍ശരീരങ്ങള്‍ വെട്ടിനുറുക്കപ്പെട്ടും കത്തിക്കരിഞ്ഞും നമുക്ക് മുന്നിലേക്ക് വന്നു വീഴുന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് പാല സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കാമ്പസിനകത്തിട്ട് കഴുത്തറത്ത് കൊന്നത്. നിലത്തു പിടിച്ചുകിടത്തി ഹാക്സോ ബ്ലേഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് അറത്താണ് നിതിന മോള്‍ എന്ന 21 കാരിയെ അഭിഷേക് ബൈജു എന്ന 20 കാരന്‍ ഇല്ലാതാക്കിയത്.

ആ കൊലയ്ക്ക് മൂന്നു മാസം മുമ്പാണ് 21കാരി ദൃശ്യയെന്ന പെണ്‍കുട്ടിയെ വീടിന്റെയുള്ളില്‍ കയറി കുത്തിക്കൊന്നത്. രക്ഷിക്കാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരിയെയും പ്രതിയായ നിതീഷ് കുത്തിപ്പരുക്കേല്‍പ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പുലര്‍ച്ചെ വീടിനകത്ത് അതിക്രമിച്ച് കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നത്.

2019 ല്‍ തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നതും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. ആ സംഭവം നടന്ന് 13 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തൃശൂരിലും സമാനമായ കൊല നടന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്.

തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ആളുകള്‍ക്ക് കാര്യം മനസിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്.

ഒടുവില്‍ മാര്‍ച്ച് 20 ന് മരണത്തിനു കീഴടങ്ങി. തിരുവല്ലയിലെ സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനി നീതു കൊല്ലപ്പെടുന്നതും. നിധീഷ് എന്ന ചെറുപ്പക്കാരന്‍ വീടിനകത്ത് കയറിച്ചെന്ന് നീതുവിനെ കുത്തി വീഴ്ത്തിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് കൊന്നത്.

അമ്മ നേരത്തെ മരിച്ചു പോവുകയും അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്ത നീതു അമ്മുമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.

2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21 കാരിയെ ചുട്ടുകൊന്നതിനും കാരണം പ്രണയപ്പകയായിരുന്നു. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ഇര. പ്രണയ പരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന്‍ ചെയ്ത ക്രൂരത.

ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.


2017 ല്‍ പത്തനംതിട്ടയില്‍ നടന്ന കൊലയും ഇതേ കാരണത്താല്‍ തന്നെയായിരുന്നു. കൊല ചെയ്ത രീതിയും ഒന്നു തന്നെ. പ്രണയം നിരസിച്ചു എന്ന 'കുറ്റം' തന്നെയായിരുന്നു കടമ്മനിട്ട സ്വദേശി 17 കാരിയും ചെയ്തത്. അതിന്റെ ശിക്ഷയായിട്ടായിരുന്നു സ്വന്തം വീടിനുള്ളില്‍ വെന്തുരുകി വീഴേണ്ടി വന്നത്. 2017 ജൂലൈ 14 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എട്ടുദിവസങ്ങള്‍ വേദന തിന്ന് മരണത്തോട് മല്ലടിച്ച് ജൂലൈ 22 ന് ആ പെണ്‍കുട്ടിയും യാത്രയായി.

കത്തിച്ചു മാത്രമല്ല, കുത്തിയും കൊന്നു തള്ളിയിട്ടുണ്ട് പെണ്‍കുട്ടികളെ ഇതുപോലെ. പ്രണയം നിരസിച്ചത് തന്നെ മുഖ്യകാരണം. 2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി തന്റെ പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതിയുടെ കുറ്റസമ്മതം. കാസര്‍ഗോഡ് സുള്ളിയില്‍ പ്രണയം നിരസിച്ചെന്ന പേരില്‍ പെണ്‍കുട്ടിക്ക് ജീവന്‍ പോയത് കോളേജില്‍ വച്ചായിരുന്നു. 2018 ഫെബ്രവരിയിലായിരുന്നു ആ സംഭവം. കാമ്പസില്‍ കടന്നു ചെന്നു നടത്തിയ കൊല.

മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പോന്ന വരുമുണ്ട്. തിരുവനന്തപുരം സ്വദേശി പുഷ്പലതയെ പ്രതി നിധിന്‍ വാളുകൊണ്ട് വെട്ടിയത് തലയ്ക്കായിരുന്നു. കൊല്ലാന്‍ വേണ്ടി തന്നെയാണ് നിധിന്‍ ആക്രമിച്ചതെന്നു പൊലീസ് പറയുന്നുണ്ട്. പുഷ്പലതയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ട്. ചെവി അറ്റുതൂങ്ങിപ്പോയി.

2017 മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വെട്ടി വീഴ്ത്തിയതും കൊല്ലാന്‍ വേണ്ടിയായിരുന്നു. കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അമ്പിളിയെ പ്രതിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിയത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിരുന്നു അമല്‍ ചെയ്തത്.

കൊച്ചി കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. തൃശൂര്‍ മാളയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ചു.

അതിലും ക്രൂരവും നടക്കുന്നതുമായ സംഭവമാണ് തൃശൂര്‍ പുന്നയൂര്‍കുളത്ത് നടന്നത്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവച്ചു. കുന്നംകുളത്താകട്ടെ പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി കുത്തി വീഴ്ത്തി. ഈ പെണ്‍കുട്ടികളൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ്. കാരണം പ്രതികളെല്ലാം തന്നെ നടത്തിയ കുറ്റസമ്മതങ്ങളില്‍ പറയുന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണെന്നാണ്.

പ്രണയം സ്വീകരിക്കാതിരുന്നാല്‍, പ്രണയബന്ധം മതിയാക്കിയാല്‍, വിവാഹത്തിനു താത്പര്യമില്ലെന്നു പറഞ്ഞാല്‍ പെണ്‍കുട്ടി ചതി ചെയ്‌തെന്നാണ് കുറ്റമാരോപിക്കുന്നത്. ആ കുറ്റത്തിനുള്ള ശിക്ഷയാണത്രേ മരണം. സാംസ്‌കാരിക സമ്പന്നരെന്ന് മേനി നടിക്കുന്ന കേരള സമൂഹത്തിനു മുന്നിലാണ് പ്രണയപ്പകയുടെ പേരില്‍ പെണ്‍കുട്ടികള്‍ വെട്ടിയറക്കപ്പെട്ടും കത്തിയെരിഞ്ഞും വീഴുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.