തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച നാല് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ പതിനൊന്നായി.
തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ ഒമ്പതിന് അച്ഛനും അമ്മയും സഹോദരിക്കുമൊപ്പം യു.കെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44 കാരന്‍ ഡിസംബര്‍ 15 ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാന്‍ഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി.
മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍ പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11 ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13 ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കൊവിഡ് പോസിറ്റീവായി.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ പൊതു ഇടങ്ങളിലോ ഇടപഴകരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌കും കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.