തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ സ്വകാര്യ കമ്പനികള്‍ ലിറ്ററിന് ഏഴു രൂപ വര്‍ധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപ എന്നതാണ് പുതിയ നിരക്ക്.
ഇന്നലെ മുതല്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സര്‍ക്കാര്‍ ഉത്പന്നമായ 'ഹില്ലി അക്വ" ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിത്. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും തടഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ളത്തിന്റെ വില വര്‍ധിപ്പിച്ചത്.
2020 മാര്‍ച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവു പ്രകാരം കുപ്പിവെള്ളം വില്‍ക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു. 13 രൂപയില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2019 ജൂലൈ 19നാണ് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 1986ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരമായിരുന്നു ഉത്തരവ്. അവശ്യവസ്തുക്കളുടെ വില നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് സ്വകാര്യ കമ്പനികളുടെ വില വര്‍ധനവ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.