ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍: സര്‍വകക്ഷി യോഗം ഇന്ന്; കൂടുതല്‍ അറസ്റ്റുണ്ടാകും

ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍: സര്‍വകക്ഷി യോഗം ഇന്ന്; കൂടുതല്‍ അറസ്റ്റുണ്ടാകും

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത. അന്‍പതിലധികം പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ടുപേര്‍ നല്‍കിയ മൊഴി. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ആളുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇരു കൊലപാതകങ്ങളിലും ഉള്‍പ്പെട്ടവര്‍ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ് പൊലീസ് നിഗമനം.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്‌. വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നന്ദുവിന്റെ കൊലപാതകത്തിന് ശേഷം ജില്ലയില്‍ എസ്ഡിപിഐ- ആര്‍എസ്‌എസ് സംഘര്‍ഷം കാര്യമായി ഉണ്ടായിരുന്നില്ല. അടുത്തിലെ മാവേലിക്കരയിലും മണ്ണഞ്ചേരിയിലും എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല.

ആലപ്പുഴ കോടതിയിലെ അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസ് ഒരുതവണ ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഷാനും. എസ്ഡിപിഐയുടെ ശക്തികേന്ദ്രമായ മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നത് പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനിയിട്ടില്ല.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി ജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ് ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. ഇതിനിടെ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായാൽ മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് ബി ജെ പി നേതാക്കളെ അറിയിച്ചത്. മൃതദേഹം ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടര്‍ന്നാകും സംസ്കാരം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗവും ഇന്ന് ഉച്ചയ്ക്കു ശേഷം ചേരും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.