പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് പെര്‍ത്ത് അതിരൂപത. പെര്‍ത്ത് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചു.
റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലിനു സമീപമുള്ള കത്തീഡ്രലില്‍ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചത് ഇടവകാംഗങ്ങളെയും സമീപവാസികളെയും വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഷോപ്പിംഗ് സെന്ററുകളിലും ലൈബ്രറികളിലും പള്ളികളിലും മറ്റു പൊതു ഇടങ്ങളിലും വ്യാപകമായി താല്‍ക്കാലിക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വാക്‌സിന്‍ ഏറ്റവും അടുത്തായും എളുപ്പത്തിലും ലഭിക്കാന്‍ ഇത്തരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സഹായിക്കുമെന്ന് കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയുടെ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ ജയ ഡാന്റസ് പറഞ്ഞു. ആളുകള്‍ക്ക് വാക്‌സിനോടുള്ള ഭയം അകറ്റാനും കത്തീഡ്രല്‍ പോലുള്ള സ്ഥലങ്ങളിലെ ക്ലിനിക്കുകള്‍ക്കു കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ
ശനിയാഴ്ച്ച ആരംഭിച്ച കത്തീഡ്രലിലെ ക്ലിനിക്കില്‍ വാക്‌സിനെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കത്തീഡ്രല്‍ ഡീന്‍ ഡോ. ഷോണ്‍ ഫെര്‍ണാണ്ടസ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. ഞായറാഴ്ച്ച വി. കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരും വാക്‌സിന്‍ സ്വീകരിച്ചു.
വാക്സിന്‍ വിതരണത്തില്‍ സഭയ്ക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പെര്‍ത്ത് നഗരത്തിലെ സുപ്രധാനമായ സ്ഥലത്താണ് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. കത്തോലിക്ക വിശ്വാസികളിലേക്കും ചുറ്റുമുള്ള സമൂഹത്തിലേക്കും വാക്‌സിന്റെ പ്രയോജനം വേഗത്തില്‍ എത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യരംഗത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളിലും ജാതിമത ഭേദമന്യേ സമൂഹത്തെ പിന്തുണയ്ക്കുന്നതിലും കത്തീഡ്രല്‍ എക്കാലവും മുന്നില്‍ നിന്നിട്ടുണ്ട്. ഇതും അതിന്റെ ഭാഗമാണെന്നും ഡോ. ഷോണ്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക സഭ കോവിഡ് വാക്‌സിനേഷനെ പിന്തുണയ്ക്കുന്നുവെന്നും ഇതു പൊതുനന്മയ്ക്കു വേണ്ടിയാണെന്നും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.