ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേന്ദ്ര നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ആധാറും വോട്ടര്‍ ഐഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കടുത്ത വാദ പ്രതിവാദമാണ് അരങ്ങേറിയത്. സര്‍ക്കാരിന്റെ സബ്സിഡികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ആധാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇരട്ട വോട്ട് തടയാന്‍ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, ആര്‍.എസ്.പി അംഗങ്ങള്‍ എതിര്‍ത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.