പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും ക്രിസ്ത്യന്‍ സമൂഹം സേവനമേകുന്നത് പുഞ്ചിരിയോടെ : മമത ബാനര്‍ജി

പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും ക്രിസ്ത്യന്‍ സമൂഹം സേവനമേകുന്നത് പുഞ്ചിരിയോടെ : മമത ബാനര്‍ജി


കൊല്‍ക്കത്ത: 'പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും പുഞ്ചിരിയോടെ സേവനമേകുന്ന ക്രിസ്ത്യന്‍ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യം' പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ സമൂഹം നടത്തിവരുന്ന സേവനങ്ങളെയും കൊല്‍ക്കത്ത ക്രിസ്മസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പ്രശംസിച്ചു.

ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രിസ്തു മത വിശ്വാസികളെ പ്രീണിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന ബിജെപിയുടെ ആരോപണം മുഖവിലയ്‌ക്കെടുക്കാതെയാണ് തുടര്‍ച്ചയായി 11-ാം വര്‍ഷവും പാര്‍ക്ക് സ്ട്രീറ്റിലെ അലന്‍ പാര്‍ക്കില്‍ ക്രിസ്മസ് കാര്‍ണിവല്‍ മമത ഉദ്ഘാടനം ചെയ്തത്.ആര്‍ച്ചബിഷപ്പ് തോമസ് ഡിസൂസ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗോവയിലെ സെന്റ് സേവ്യേഴ്സ് പള്ളി സന്ദര്‍ശിച്ചപ്പോള്‍ തനിക്കുണ്ടായ അഭിമാനവും ആഹ്‌ളാദവും വലുതായിരുന്നെന്ന് ടി എം സി നേതാവ് കൂടിയായ അവര്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ മമത ബാനര്‍ജി രണ്ട് തവണ ഗോവ സന്ദര്‍ശിച്ചിരുന്നു.

'ഞാന്‍ എല്ലാവര്‍ഷവും ക്രിസ്മസിന് പള്ളിയില്‍ പോയി അര്‍ദ്ധരാത്രിയിലെ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. വത്തിക്കാന്‍ മുതല്‍ ഗോവ വരെയുള്ള എല്ലാവര്‍ക്കും ഞങ്ങള്‍ ക്രിസ്മസ് ആശംസകള്‍ അയക്കുന്നു.' മമത ബാനര്‍ജി പറഞ്ഞു. ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം റോമിലെ ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജിയെ ക്ഷണിച്ചെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അവര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചു.

കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം റീപോളിങ് ആവശ്യപ്പെടുന്ന വേളയില്‍, കൊല്‍ക്കത്ത ക്രിസ്മസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ എല്ലാവരും 'ഒറ്റക്കെട്ടായി' നില്‍ക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യമൊട്ടാകെ രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരുകയാണെന്ന് അവര്‍ പറഞ്ഞു.

'മതം ഓരോരുത്തര്‍ക്കും വ്യക്തിനിഷ്ഠമാണ്. എന്നാല്‍ ആഘോഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാത്തതുപോലെ സമൂഹം ഒന്നുചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തുന്ന ഒരേയൊരു സ്ഥലമാണ് കൊല്‍ക്കത്ത,' മമത ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് മെക്രോണ്‍ വേരിയന്റ് അണുബാധ ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഘോഷ വേളയിലും പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.ബംഗാളിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷിക്കണമെന്ന ടി എം സി നേതാവിന്റെ നിര്‍ദ്ദേശത്തെച്ചൊല്ലിയും ബിജെപി ആക്ഷേപമുന്നയിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.