ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. കള്ളവോട്ട് തടയാനും വോട്ടര്‍മാരുടെ പേര് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനും ആധാര്‍ കാര്‍ഡും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കാന്‍ വ്യവസ്ഥകളുള്ള തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി.
ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ചര്‍ച്ചയ്‌ക്കിടെ സഭാ റിപ്പോര്‍ട്ടര്‍മാരുടെ ഡെസ്‌കിലേക്ക് റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിന് തൃണമൂല്‍ അംഗം ഡെറിക് ഒബ്രെയ്‌നെ സസ്‌പെന്‍ഡ് ചെയ്‌തു.
തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന ജോണ്‍ ബ്രിട്ടാസ് എം. പിയുടെ പ്രമേയം വോട്ടിനിടാന്‍ ഉപാദ്ധ്യക്ഷന്‍ ബി.ജെ.ഡി അംഗം സസ്‌മിത് പാത്ര വിസമ്മതിച്ചതിലുള്ള പ്രതിഷേധത്തിനിടെയാണ് ഡെറിക് ഒബ്രയ്‌ന്‍ റൂള്‍ബുക്ക് വലിച്ചെറിഞ്ഞത്. ബ്രിട്ടാസിന്റെ പ്രമേയം വോട്ടിനിടണമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കം പ്രതിപക്ഷം ഒന്നിച്ച് ആവശ്യപ്പെട്ടപ്പോള്‍ സഭ ശാന്തമല്ലെന്നായിരുന്നു ഉപാദ്ധ്യക്ഷന്റെ നിലപാട്.
ഇതില്‍ ക്ഷുഭിതനായാണ് ഡെറിക് ഒബ്രയ്‌ന്‍ റൂള്‍ബുക്ക് വലിച്ചെറിഞ്ഞത്. നടുത്തളത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ ഇരിക്കുന്ന ഡെസ്‌കിലേക്കാണ് അതു വന്നു വീണത്. ആരുടെയും മേല്‍ പതിച്ചില്ല. അംഗത്തിന്റെ നടപടി കടുത്ത അച്ചടക്ക ലംഘമാണെന്ന് ഉപാദ്ധ്യക്ഷന്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രമേയം അവതരിപ്പിച്ച് ഒബ്രെയ്‌നെ നടപ്പ് സമ്മേളനത്തിന്റെ ബാക്കിയുള്ള രണ്ടു ദിവസത്തേക്ക് പുറത്താക്കുകയായിരുന്നു.
കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍, ആംആദ്‌മി, ശിവസേന, ഇടത്, ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എം.പിമാര്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ സമയത്താണ് ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് അണ്ണാ ഡി.എംകെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.ഡി എന്നീ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു.
ഒബ്രെയ്‌ന്‍ അടക്കം നടപ്പു സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 13 ആയി. ചെയ്‌ത തെറ്റിന് മാപ്പുപറയാതെ 12 എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.