മതപരിവര്‍ത്തന നിരോധിത ബില്‍: കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച തുടരും; ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ഇന്ന്

 മതപരിവര്‍ത്തന നിരോധിത ബില്‍: കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച തുടരും; ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കും. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്.

ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബെലഗാവില്‍ ക്രൈസ്തവ സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. നിര്‍ബന്ധിച്ച് മതം മാറ്റുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി മതം മാറ്റം ചെയ്യുന്നുവെന്നുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ബില്‍ പാസായി കഴിഞ്ഞ് ഇത്തരം പരാതി ഉയര്‍ന്നാല്‍ കുറ്റാരോപിതന് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ബില്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം പോലും ലഭിക്കില്ല. പൊതുവേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടിക വിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം വരെയാണ്. പിഴ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ആകും. ഒന്നിലധികം പേരെ ഒരേസമയം മതംമാറ്റിയെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും.

പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റം ശിക്ഷാ പരിധിയില്‍ വരും. തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതും ശിക്ഷാര്‍ഹം തന്നെയാണ്.

പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റാരോപിതനാണ്. ഇല്ലെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് പുറമേ മതം മാറിയവര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നല്‍കണം. വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതം മാറ്റത്തിനും പത്ത് വര്‍ഷം വരെ ശിക്ഷയെന്നാണ് ബില്ലില്‍ പറയുന്നത്. കൂടാതെ നിര്‍ബന്ധിച്ചുള്ള മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം. മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത.

കൂടാതെ മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാശ്രമങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധന നടത്തും. സ്വാധീനത്തിലൂടെയുള്ള മതം മാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടാകും. മതപരിവര്‍ത്തന കേസുകള്‍ വ്യാപകമായി ഉയരുന്നുവെന്ന പരാതികള്‍ക്കിടെയാണ് പുതിയ നിയമം വരുന്നത്.

ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടയിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ നിയമം അനിവാര്യമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ ബഹളത്തിനിടെയാണ്, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് ഇന്നലെ സഭയില്‍ അവതരിപ്പിച്ചുത്. കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

നിയമസഭയിലും നിയമനിര്‍മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്. ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം എന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണ്. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കും എന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ പീറ്റര്‍ മച്ചാഡോയും വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.