സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്: വേഗ റാണിയായി ആന്‍ റോസ് ടോമി; മുഹമ്മദ് സജീന്‍ വേഗ രാജന്‍

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്: വേഗ റാണിയായി ആന്‍ റോസ് ടോമി; മുഹമ്മദ് സജീന്‍ വേഗ രാജന്‍

തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദനവും ഒന്നാം സ്ഥാനം നില നിറുത്തി പാലക്കാട്. ഇന്നലെ മത്സരങ്ങൾ അവസാനിപ്പിച്ചപ്പോൾ 180 പോയിന്റുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഒമ്പത് വീതം സ്വർണവും വെങ്കലവും ആറു വെള്ളിയുമാണ് പാലക്കാട് സ്വന്തമാക്കിയത്. എട്ടു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും അടക്കം 120 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 114 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും. കോട്ടയം നാലാം സ്ഥാനത്താണ്. ആതിഥേയരായ മലപ്പുറം ആറാം സ്ഥാനത്താണ്.

ചാമ്പ്യൻഷിപ്പിലെ വേഗ റാണിയായി തൃശൂരിന് ആൻ റോസ് ടോമിയും വേഗരാജനായി തൃശൂരിന്റെ തന്നെ മുഹമ്മദ് സജിനും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 20 ആൺകുട്ടികളിൽ 10.96 സെക്കൻഡിൽ പറന്നെത്തിയ ആണ് മുഹമ്മദ് സജിൻ വേഗമേറിയ താരമായത്. 12.20 സെക്കൻഡിലാണ് ആൻ റോസ് ടോമി 100 മീറ്റർ ഫൈനലിൽ ഒന്നാമതായത്. അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന് ജി. താര, അണ്ടർ 18 വിഭാഗത്തിൽ തിരുവനന്തപുരത്തിന് ആർദ്രാ കെ, അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിലെ വിജയ് കൃഷ്ണൻ, അണ്ടർ 18 വിഭാഗത്തിൽ മലപ്പുറത്തിന് മുഹമ്മദ് ഷാൻ എന്നിവരാണ് വേഗ താരങ്ങൾ.

മീറ്റിംഗ് രണ്ടാം ദിവസമായ ഇന്നലെ ആറ് റെക്കോർഡുകൾ പിറന്നു. പോള്‍വാള്‍ട്ടില്‍ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച എം.അക്ഷയും ആനന്ദ് മനോജും റെക്കാഡ് നേട്ടം പങ്കിട്ടു. 4.72 മീറ്റര്‍ ഉയരമാണ് ഇരുവരും ക്ലിയര്‍ ചെയ്തത്. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ബാള്‍ ത്രോയില്‍ പാലക്കാടിന്റെ അഭിന (45.15 മീ.), അണ്ടര്‍ 18 വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു (39.25 മീ.), അണ്ടര്‍ 20 വനിതകളുടെ 800 മീറ്ററില്‍ എറണാകുളത്തിന്റെ സി. ചാന്ദ്‌നി (2 മിനിറ്റ് 8.71 സെക്കന്‍ഡ്), അണ്ടര്‍ 20 വനിതകളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (47.81 മീ.) എന്നിവരും ഇന്നലെ റെക്കാഡ് പുസ്തകത്തില്‍ ഇടം നേടി.

മീറ്റിന്റെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് നിര്‍വഹിച്ചു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. എം.വേലായുധന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.