പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു; വിട പറഞ്ഞത് അടിയുറച്ച നിലപാടുകളുള്ള നേതാവ്

പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു; വിട പറഞ്ഞത് അടിയുറച്ച നിലപാടുകളുള്ള നേതാവ്

കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിസിസി ആക്ടിംഗ് പ്രസിഡന്റുമായ പി.ടി.തോമസ് (71) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. നാലു തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ഇന്ന്‌  രാവിലെ 10.15 നായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടു മാസമായി അവിടെ ചികിത്സയിലായിരുന്നു.


ഇടുക്കി ജില്ലയിലെ ഉപ്പുതോട് പുതിയാപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12ന് ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1980 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2007 ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി. 2017 മുതല്‍ 2019 വരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.

കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നും ജയിച്ചു. 2009 ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 'എഡിബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.