പി.ടി തോമസിന്റേത് വേദനിപ്പിക്കുന്ന വിയോഗം: രാഹുല്‍ ഗാന്ധി

പി.ടി തോമസിന്റേത് വേദനിപ്പിക്കുന്ന വിയോഗം: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: വേദനിപ്പിക്കുന്ന വിയോഗമാണ് പി.ടി തോമസിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്.

പി.ടി തോമസിന്റെ വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്തു നിന്ന നേതാവാണ് പി ടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. വയനാട് മണ്ഡലത്തിലെ പരിപാടികള്‍ റദ്ദുചെയ്തു രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.

പൊതുപ്രവര്‍ത്തന രംഗത്ത് സത്യസന്ധതയും ആത്മാര്‍ഥതയും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസ് എംഎല്‍എ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്.

വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പി.ടിയുടെ ആത്മാര്‍ഥതയില്‍ തെല്ലും സംശയം തോന്നിയിട്ടില്ലെന്നും മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അടിയുറച്ച പോരാളിയായിരുന്നു പി.ടി.തോമസ് എംഎല്‍എ എന്ന് കെ. സി.വേണുഗോപാല്‍ എംപി. രോഗത്തെ അതിജീവിച്ച് പി.ടി തിരിച്ചു വരുമെന്നാണ് കരുതിയിരുന്നത്. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാന്‍ മടിയില്ലാത്ത ധീരനുമായിരുന്നു പി. ടിതോമസെന്നും കെ.സി.വേണുഗോപാല്‍ അനുസ്മരിച്ചു.

എല്ലാ കാലത്തും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിന് നഷ്ടമാണ്.

വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പി.ടി തോമസുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

നിയമസഭാംഗം എന്ന നിലയിലും പാര്‍ലമെന്റംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നു പി.ടി തോമസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരുന്ന കാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അര്‍ബുദ രോഗ ബാധിതനായിരുന്ന പി.ടി തോമസ് ഇന്ന് രാവിലെ 10.15 ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാണ് അന്തരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.