ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ല; നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

 ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ല; നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

റാഞ്ചി: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ പ്രതിഷേധനത്തിനിടെയാണ് ബില്ല് പാസാക്കിയത്. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.

സംസ്ഥാനത്ത് സമാധാനം പുലര്‍ത്താനും സാമുദായിക ഐക്യം പുലരാനും സാഹോദര്യം കൈവരാനുമാണ് ബില്ല് കൊണ്ടുവന്നതെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബില്ലിനേക്കുറിച്ച് പറയുന്നത്. ബില്ല് സംസ്ഥാന നിയമസഭയില്‍ പാസായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനങ്ങള്‍ക്ക് ശക്തമായ രീതിയില്‍ സംരക്ഷണവും ഭരണഘടന നല്‍കുന്ന അവകാശ സംരക്ഷണത്തിനും വേണ്ടിയാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. ജാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമാണ് ബില്ല് സഭയില്‍ വച്ചത്. മൂന്ന് വര്‍ഷം മുതല്‍ ജയില്‍ ശിക്ഷയും 25 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായാണ് ബില്ല് ആള്‍ക്കൂട്ട ആക്രമണത്തേയും ആള്‍ക്കൂട്ട കൊലപാതകത്തേയും കാണുന്നത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പുതിയ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. പരിക്കേറ്റവരുടെയോ കൊല്ലപ്പെട്ടവരുടേയോ ഉറ്റവര്‍ക്ക് ധനസഹായവും നിയമം ഉറപ്പു നല്‍കുന്നു. ആള്‍ക്കൂട്ട ആക്രമത്തിലേക്ക് നയിച്ച ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടവര്‍ക്കും ശിക്ഷ നിയമം ഉറപ്പു നല്‍കുന്നു.

ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും അല്ലെങ്കില്‍ അവര്‍ക്ക് സഹായം നല്‍കുന്നവരെയും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കും ഈ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്ല് പാസായത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നതെന്നായിരുന്നു ബിജെപി നേതാവ് സി പി സിംഗ് പ്രതികരിച്ചത്. ബില്ലില്‍ നിരവധി ഭേദഗതികള്‍ വരുത്തണമെന്ന ബിജെപിയുടെ ആവശ്യം ശബ്ദവോട്ടില്‍ തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.