പി.ടി തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍

പി.ടി തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസിന്റെ സംസ്‌കാരം നാളെ വൈകുന്നേരം 5.30 ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം തന്നെയാണ് അന്ത്യകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇന്ന് അര്‍ധ രാത്രിയോടെ പി.ടി തോമസിന്റെ മൃതദേഹം ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലെത്തിക്കും. തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയില്‍ എത്തിക്കും. രാവിലെ 7.30 ന് എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോര്‍ത്ത് ജങ്ഷനിലെ ടൗണ്‍ഹാളില്‍ എത്തിക്കും.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ മൃതദേഹം മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പീന്നീട് രവിപുരം ശ്മശാനത്തിലെത്തിച്ച് വൈകുന്നേരം അഞ്ചരയോടെ സംസ്‌കരിക്കും.

രവിപുരം ശ്മാശനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്.

ഇക്കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പി.ടി തോമസ് കുറിച്ചുവെക്കുകയും അടുത്ത സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.