കൊച്ചി: മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവന്റെ സംരക്ഷണം സഭയുടെയും സമൂഹത്തിന്റെയും കടമയായി നാം സ്വീകരിക്കണമെന്നും മാര്‍ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം, ജീവന്റെ സംരക്ഷണത്തിന്റെ പ്രധാന സന്ദേശമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ മെമ്പര്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ സന്ദേശത്തില്‍ പറഞ്ഞു.
'മാതൃത്വം മഹനീയം, പെണ്‍കുട്ടികള്‍ വീടിനും നാടിനും അനുഗ്രഹം' എന്ന ക്യാമ്പയിനിന്റെ പോസ്റ്റര്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസിനു നല്‍കി പ്രകാശനം ചെയ്തു. ഈ സന്ദേശം പ്രത്യേക പ്രചാരണ പരിപാടികളിലൂടെ സഭയിലും സമൂഹത്തിലും സജീവമാക്കിക്കൊണ്ട് നന്മനിറഞ്ഞ കുടുംബങ്ങളും സാമൂഹ്യ സഹവര്‍ത്തിത്വം നിറഞ്ഞ കൂട്ടായ്മകളും രൂപപ്പെടുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം.
കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജീവന്റെ സംരക്ഷണം, മാതൃത്വം, വൈവാഹിക വിശുദ്ധി, കുടുംബ ജീവിതത്തിന്റെ ധന്യത എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിക്കുവാന്‍ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും പ്രധാന വിദേശ ഭാഷകളിലും അടക്കം 60 ഭാഷകളില്‍ ഈ സന്ദേശം ആഗോള തലത്തില്‍ എത്തിക്കുന്നതാണെന്ന് പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയില്‍, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തില്‍, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, സിബിസിഐ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ഷെവലിയര്‍ വി. സി സെബാസ്റ്റ്യന്‍, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ലൈറ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി പ്രസിഡന്റ് ഡോ. കെ. വി. റീത്താമ്മ, മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്‌സണ്‍ പാണങ്ങാടന്‍, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചു പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.