അമിത് ഷാ, സോണിയ, പ്രിയങ്ക എന്നിവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോകളും

അമിത് ഷാ, സോണിയ, പ്രിയങ്ക എന്നിവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്‍.പി.എഫ് വനിതാ കമാന്‍ഡോകളും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാ സേനയില്‍ വനിതാ സി.ആര്‍.പി.എഫുകാരെയും ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് ഇവരുടെ സുരക്ഷാച്ചുമതലയ്ക്കായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ജനുവരി രണ്ടാം വാരം മുതല്‍ സി.ആര്‍.പി.എഫിന്റെ വി.ഐ.പി സുരക്ഷാ വിഭാഗത്തിലേക്ക് 32 പേരെക്കൂടി നിയോഗിക്കുമെന്നും ഇവരെ സുരക്ഷ നല്‍കേണ്ടവരുടെ വസതികളിലും വിന്യസിപ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലും വനിതാ സി.ആര്‍.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സി.ആര്‍.പി.എഫുകാരെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഐ.പി. സുരക്ഷാച്ചുമതലയുമായി ബന്ധപ്പെട്ട പത്താഴ്ചത്തെ പരിശീലനം കഴിഞ്ഞ വനിതാ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. വി.ഐ.പികളുടെ വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സംഘത്തിലും ഈ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തും. കൂടാതെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ആവശ്യമെങ്കില്‍ ഇവരെ നിയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.