'നീ രണ്ടു മുന്നു ദിവസം കൂടി അവിടെ കിടക്ക്... ഇങ്ങനെയൊക്കയേ നല്ല നേതാവാകാന്‍ പറ്റൂ'... കരുതലായിരുന്നു പി.ടി

'നീ രണ്ടു മുന്നു ദിവസം കൂടി അവിടെ കിടക്ക്... ഇങ്ങനെയൊക്കയേ നല്ല നേതാവാകാന്‍ പറ്റൂ'... കരുതലായിരുന്നു പി.ടി

കൊച്ചി: പി.ടി തോമസ് തൊടുപുഴ എംഎല്‍എ ആയിരിക്കുന്ന കാലത്തായിരുന്നു എന്റെ കോളജ് വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പഠനത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.

കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു ഞാന്‍. തലേ വര്‍ഷം കോളജ് കാമ്പസിലുണ്ടായ സംഘര്‍ഷം വെട്ടിലും കുത്തിലും കലാശിക്കുകയും കോളജ് ദീര്‍ഘകാലം അടച്ചിടുകയും ചെയ്തു. കെ.എസ്.യു പ്രസ്ഥാനമായിരുന്നു പ്രതി സ്ഥാനത്ത്. ചീത്തപ്പേരിന്റെ ഭാണ്ഡക്കെട്ടുകള്‍ പേറി ചോരയുടെ മണവുമായി നില്‍ക്കുന്ന പ്രസ്ഥാനത്തെ പിറ്റേ വര്‍ഷം നയിക്കേണ്ട ചുമതലയായിരുന്നു എനിക്ക്.

എംഎല്‍എ ആണെങ്കിലും എന്നും ഒരു കെ.എസ്.യുക്കാരന്റെ മനസുള്ള പി.ടി എനിക്ക് ശക്തമായ പിന്തുണയും കരുതലും നല്‍കി പോന്നു. 'കഴിഞ്ഞതൊക്കെ കഴിഞ്ഞു. എങ്ങനെയും കോളജ് യൂണിയന്‍ പിടിക്കണം'- അതായിരുന്നു പി.ടിയുടെ നിര്‍ദേശം. പി.ജെ ജോസഫിന്റെ തട്ടകത്തില്‍, ഇടതു പക്ഷത്തിന് ശക്തമായ സ്വാധിനമുള്ള പ്രദേശത്ത് അവരുടെ വിദ്യാര്‍ഥി സംഘടനകളും അതി ശക്തമായിരുന്നു.

പതിവില്‍ നിന്നു വ്യത്യസ്തമായി ചോരക്കറ വീണ പ്രസ്ഥാനം എന്ന കുപ്രസിദ്ധി ക്യാമ്പസില്‍ കെ.എസ്.യുവിനെ വല്ലാതെ ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഏതു വിധേനയും വിദ്യാര്‍ഥികളുടെ മനസില്‍ ഇടം കണ്ടെത്തണം. അതിനായി പല തന്ത്രങ്ങളും ആവിഷ്‌കരിച്ചെങ്കിലും ഒന്നും ക്ലിക്ക് ആയില്ല. മാത്രമല്ല, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

കോളജിലെ ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ പി.ടിയുടെ കര്‍ശന നിരീഷണവും ഉപദേശവുമുണ്ടായിരുന്നു. അവയൊക്കെ ഞങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കി. 'കോളജിലെ പകുതി വിദ്യാര്‍ഥികളെയെങ്കിലും പേരു ചൊല്ലി വിളിക്കാന്‍ നിനക്കാവണം' എന്ന് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തിയിരുന്ന പി.ടി തനിക്കൊപ്പം കൂടുന്നവരെ മുഴുവന്‍ പേരെടുത്തു വിളിച്ച് തോളില്‍ തട്ടി സ്‌നേഹം പ്രകടിപ്പിക്കുന്നത് അസൂയയോടെ പലവട്ടം നോക്കി നിന്നിട്ടുണ്ട്. അത്ര ഓര്‍മ്മ ശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം.

ഒരു ദിവസം പി.ടി എന്നെ വിളിച്ചു പറഞ്ഞു. 'മങ്ങാട്ടുകവല-കോളജ് നടപ്പാത റോഡാക്കണമെന്ന ആവശ്യവുമായി നീ നിരാഹാരം കിടക്കണം'... ' നിരാഹാരമോ?.. നാലുനേരം വയറു നിറയെ ഭക്ഷണം കഴിച്ചു നടക്കുന്ന എന്നെ നിരാഹാരത്തിനൊന്നും കിട്ടില്ല'- ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, പി.ടി സമ്മതിച്ചില്ല. 'കോളജ് യൂണിയന്‍ പിടിക്കണമെങ്കില്‍ നീ നിരാഹാരം കിടന്നേ പറ്റൂ. പറയുന്നത് കേട്ടോണം. രണ്ടു ദിവസം കിടന്നാല്‍ മതി. അതിനു മുമ്പ് പ്രശ്‌ന പരിഹാരമുണ്ടാക്കാം'.

രണ്ടു ദിവസം മതിയല്ലോ...ഞാന്‍ നിരാഹാര സമരത്തിനായി ഒരുങ്ങി. നിരാഹാരം ആരംഭിച്ച ദിവസം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പി.ടി തിരുവനന്തപുരത്തേക്ക് പോയി. പിറ്റേ ദിവസം പി.ടിയെത്തി നിരാഹാരം അവസാനിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞും അദ്ദേഹം എത്താത്തതിനാല്‍ വിശന്ന് അവശനായ ഞാന്‍ നിരാഹാര പന്തലിന് തൊട്ടടുത്തുള്ള ബുക്ക് സ്റ്റാളിലെത്തി (അന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലില്ല) എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്ക് ഫോണ്‍ ചെയ്തു.

പി.ടിയുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. ' നീ രണ്ടു മുന്നു ദിവസം കൂടി അവിടെ കിടക്ക്... ഇങ്ങനെയൊക്കയേ നല്ല നേതാവാകാന്‍ പറ്റൂ'. അല്‍പം ഭക്ഷണം കഴിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ നിരാശനായ ഞാന്‍ തിരിച്ചു വന്ന് നിരാഹാര പന്തലിലെ കട്ടിലില്‍ കിടന്നു.

പക്ഷേ, സര്‍പ്രൈസ് സമ്മാനവുമായി പിറ്റേന്നു തന്നെ പി.ടി നിരാഹാര പന്തലിലെത്തി. കോളജിലെ ഏതാണ്ട് മുപ്പത് ശതമാനത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ക്ലേശത്തിന് പരിഹാരമായി മങ്ങാട്ടുകവല-ന്യൂമാന്‍ കോളജ് നടപ്പുവഴി റോഡാക്കാനുള്ള അനുമതി ലഭിച്ചതായി സ്ഥലം എംഎല്‍എകൂടിയായ പി.ടി തോമസ് പ്രഖ്യാപനം നടത്തി. നിറഞ്ഞ കൈയ്യടികളോടെ വിദ്യാര്‍ഥികളും നാട്ടുകാരും ആ പ്രഖ്യാപനം ഏറ്റു വാങ്ങി.

പിന്നീട് കെ.എസ്.യുവിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ക്യാമ്പസില്‍ ചോര വിഴ്ത്തിയ പ്രസ്ഥാനമെന്ന പേരുദോഷത്തില്‍ നിന്ന് ക്യാമ്പസിലേക്ക് വഴി വെട്ടിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന പേരിലേക്ക് കെ.എസ്.യു മാറി. അതില്‍ പിടിച്ചുള്ള ഞങ്ങളുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ എതിരാളികള്‍ക്കുമായില്ല. ഒരു സീറ്റൊഴികെ കോളജ് യൂണിയന്‍ ഞങ്ങള്‍ തൂത്തുവാരി. അതായിരുന്നു അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന പി.ടി തന്ത്രം.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എനിക്ക് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ മീറ്റിങുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ ക്കുറിച്ച് വ്യക്തമായ ദിശാബോധം നല്‍കുമായിരുന്നു അദ്ദേഹം. 'ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തമായ നിലപാടുണ്ടാകണം. ധാരാളം വായിക്കണം. പഠിച്ച് വിലയിരുത്തി കാര്യങ്ങള്‍ അവതരിപ്പിക്കണം' - ഇവയൊക്കെയായിരുന്നു അന്ന് നല്‍കിക്കൊണ്ടിരുന്ന പ്രധാന ഉപദേശങ്ങള്‍.

ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ ചേര്‍ന്ന് നിയമം പഠിക്കണമെന്നും തന്നോടൊപ്പം എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ കൂടാമെന്നും രാഷ്ട്രീയത്തില്‍ തുടരണമെന്നും പി.ടി നിര്‍ബന്ധിച്ചെങ്കിലും എന്റെ മനസ് പത്രപ്രവര്‍ത്തനത്തിലായിരുന്നു. താല്‍പര്യം പറഞ്ഞപ്പോള്‍ എതിരു നിന്നില്ല. 'നല്ല പ്രൊഫഷനാണ്. നാന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടതായി വരും' എന്നു പറഞ്ഞ് എല്ലാവിധ പിന്തുണയും തുടര്‍ന്നും നല്‍കി.

പിന്നീടിങ്ങോട്ട് എന്റെ പത്രപ്രവര്‍ത്തന ജീവിതം... വിവാഹം... വീക്ഷണം പത്രത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ നിര്‍ബന്ധിച്ച് കൂടെ നിര്‍ത്തിയ കരുതല്‍... അങ്ങനെ മധുരം കിനിയുന്ന നിരവധി ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കിയാണ് പി.ടി യാത്രയാകുന്നത്. എപ്പോള്‍ ഫോണ്‍ വിളിച്ചാലും എടുക്കും. തിരക്കില്‍ എടുക്കാനായില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു വിളിക്കും. അതായിരുന്നു സൗഹൃദങ്ങളുടെ രാജകുമാരനായ പി.ടി തോമസ്. ആ തിരിച്ചു വിളി ഇനിയുണ്ടാകില്ല എന്നോര്‍ക്കുമ്പോഴുള്ള നഷ്ടബോധം ചെറുതല്ല.

അവസാനം ബന്ധുക്കളും സുഹൃത്തുകളും തീര്‍ത്ത കണ്ണീര്‍ പൂക്കളുടെ വഴികളിലൂടെ ആദര്‍ശ രാഷ്ട്രീയത്തിന്റെ അതുല്യ പോരാളി ഏകാന്തതയുടെ അപാര തീരം തേടി യാത്രയാകുമ്പോള്‍ എന്റെ മനസും മന്ത്രിക്കുന്നു...'ഇല്ലാ, പി.ടി മരിച്ചിട്ടില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ'...
ജയ്‌മോന്‍ ജോസഫ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.