കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക; രാഷ്ട്രപതി

കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക; രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി.എന്‍.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തിൽ നാലു ദിവസത്തെ സന്ദർശനത്തിന് വേണ്ടി എത്തിയതായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

'കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതേസമയം അതിന്റെ വ്യതിരിക്തമായ സവിശേഷതകള്‍ നിലനിര്‍ത്തുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ജനങ്ങള്‍ ആദരവും നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസി സംരംഭകര്‍ വന്‍തോതില്‍ പണമയയ്ക്കുക മാത്രമല്ല, തങ്ങളുടെ തൊഴിലിടങ്ങളായി അവര്‍ സ്വീകരിച്ച ദേശങ്ങളില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ള സേവന മേഖലയിലെ പ്രൊഫഷണലുകള്‍, പ്രത്യേകിച്ച്‌ നഴ്‌സുമാരും ഡോക്ടര്‍മാരും എല്ലായിടത്തും ആളുകള്‍ വളരെയധികം ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. അടുത്തിടെ, കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നു.

ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.