തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പതിനേഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും പത്ത് പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.
ഒമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കുകയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചാല്‍ വളരെപ്പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടല്‍ സാധ്യമല്ല. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ക്വാറന്റൈന്‍ കാലയളവില്‍ വീടുകളില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം. വാക്‌സിന്‍ എടുക്കാനുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.