സാമൂഹ്യ മാധ്യമങ്ങളിൽ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിന്റെ ദുരന്തം: ഹൈക്കോടതി

സാമൂഹ്യ മാധ്യമങ്ങളിൽ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിന്റെ ദുരന്തം: ഹൈക്കോടതി

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിൽ ഉത്തരവാദിത്വവുമില്ലാതെ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിന്റെ ദുരന്തമാണെന്ന് ഹൈക്കോടതി. നല്ല മനുഷ്യരുടെ കൈയിൽ സാമൂഹ്യ മാധ്യമം മികച്ചതാണ്. എന്നാൽ, മറ്റുചിലർക്ക് ഇത് അവരുടെ ഹീനമായ അഭിരുചികൾ പ്രകടിപ്പിക്കാനുള്ള ഇടമായിമാറുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

മോൻസൺ കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെ വിമർശിച്ച് മുൻ സബ് ജഡ്ജിയായിരുന്ന എസ്. സുദീപ് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിനെ മുൻനിർത്തിയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ജഡ്ജിയെപ്പോലും വ്യക്തിപരമായി ആക്രമിക്കുന്ന ഫെയ്‌സ് ബുക്ക് കുറിപ്പിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിട്ടും മുൻ ജുഡീഷ്യൽ ഓഫീസർക്ക് വിശദീകരണത്തിന് അവസരം നൽകി.

അതിനെയും തത്‌ക്ഷണം അപഹസിച്ചുകൊണ്ട് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടു. സ്വയം ഒരു രക്തസാക്ഷിയായി ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ടായി. നിഷേധിയുടെ മാനസികാവസ്ഥയാണിത്. അവർക്ക് ഒന്നും വിശദീകരിക്കാനുണ്ടാകില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വലിയ ഇടമാണ് ഇന്റർനെറ്റ്. താൻ അതിന്റെ വലിയ ആരാധകനുമാണ്. എന്നാൽ, ഇത്തരം വ്യക്തികൾ ഈ സ്വാതന്ത്ര്യത്തെ അതിന്റെ അങ്ങേയറ്റത്തേക്കെത്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിച്ച് ലൈക്കുകളും കമന്റുകളുമിടാൻ സൈബർ സുഹൃത്തുക്കളുമുണ്ട്.

എന്നാൽ, അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കാൻ ആരുമുണ്ടാകില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നവർപോലും ഓൺലൈൻ സ്പേസിൽ നിയന്ത്രണം ആവശ്യമാണെന്ന് കരുതിപ്പോകുന്നത് ഇതിനാലാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

മുൻ ജുഡീഷ്യൽ ഓഫീസർ ശ്രദ്ധപിടിച്ചുപറ്റാനായി നിരന്തരമായി ഒരോന്ന് പറയുകയാണ്. കോടതിയുടെ ചെലവിലും അദ്ദേഹം പ്രശസ്തിനേടേണ്ടതില്ല. അതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാനായി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.