ആലപ്പുഴയിലെ ഇരട്ട കൊലപാതകം: നടപടികള്‍ കടുപ്പിച്ച്‌ പൊലീസ്: ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ആലപ്പുഴയിലെ ഇരട്ട കൊലപാതകം: നടപടികള്‍ കടുപ്പിച്ച്‌ പൊലീസ്:  ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച്‌ പൊലീസ്. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇവര്‍ ഉള്‍പ്പെട്ട മറ്റു കേസുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ വേണം. സമീപകാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളും അതില്‍ നേരിട്ട് പങ്കെടുത്തവരുടേയും, ആയുധം, വാഹനം ഫോണ്‍ മുതലായവ നല്‍കി സഹായം ചെയ്തവരുടേയും വിവരങ്ങള്‍ ശേഖരിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഇത്തരം അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെപ്പറ്റിയും പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കണം. പണം നല്‍കിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ തലത്തില്‍ അവലോകനം നടത്തണം. ഇപ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച്‌ എല്ലാ ആഴ്ചയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മേഖലാ ഐജിമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.