പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 177 കോടി; നോട്ടെണ്ണി അവശരായി ഉദ്യോഗസ്ഥര്‍

പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 177 കോടി; നോട്ടെണ്ണി അവശരായി ഉദ്യോഗസ്ഥര്‍

ലഖ്‌നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന് ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ. നിരവധി നോട്ടെണ്ണല്‍ മെഷീനുകളുടെ സഹായത്തോടെയാണെങ്കിലും തുക എണ്ണി തിട്ടപ്പെടുത്താന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു.

പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്റെ വസതികളിലും സ്ഥാപനങ്ങളിലുമായി 11 ഇടങ്ങളിലായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപയും അഞ്ച് വേട്ടെണ്ണല്‍ മെഷീനും കണ്ടെടുത്തു. പീയുഷ് ജെയിനിന്റെ വീട്ടില്‍ നിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടു കെട്ടുകള്‍.

നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നോട്ടു കെട്ടുകളുടെ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. 21 പെട്ടികളിലാക്കിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്‌നറില്‍ കയറ്റി ബാങ്കുകളിലെത്തിച്ചത്.

ജെയിനിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്‌ലെറ്റുകള്‍, കോള്‍ഡ് സ്‌റ്റോറേജ്, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഷെല്‍ കമ്പനികള്‍ വഴി മൂന്നുകോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഷെല്‍ കമ്പനികളുടെ പേരില്‍ ജെയിന്‍ വായ്പ എടുക്കുകയും വന്‍ തുകയുടെ വിദേശ ഇടപാടുകള്‍ നടത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.