സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്ന് മാർ ജോർജ് ആലഞ്ചേരി

സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്ന് മാർ ജോർജ് ആലഞ്ചേരി

കൊച്ചി: തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നുനല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷിക്കുകയാണ് വിശ്വാസികള്‍.

തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ' സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന്' സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

'സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പാതിരാ കുർബാനയ്ക്കിടെയായിരുന്നു പരാമര്‍ശം.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സാധാരണ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കാറുള്ളത്. എന്നാൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാൽ കർദിനാൾ സെന്റ് തോമസ് മൗണ്ടിൽ കുർബാന അർപ്പിക്കുകയായിരുന്നു. എകീകൃത കുർബാന ക്രമം അനുസരിച്ചാണ് അദ്ദേഹം ദിവ്യ ബലി അർപ്പിച്ചത്.

കോഴിക്കോട്ട് ദേവമാതാ കത്തീഡ്രൽ പള്ളയിൽ കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള പ്രത്യേക ബലിയർപ്പണം നടത്തി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിൽ പറമ്പിൽ തിരുപ്പിറവി കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു

തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ എം സുസൈ പാക്കം പാളയം സെന്റ് മേരീസ് കത്തീഡ്രലിൽ തിരുപ്പിറവി കർമ്മങ്ങൾ വിശുദ്ധ കുർബാനയോടെ വളരെ ആഘോഷമായി നടത്തപ്പെട്ടു. താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ ക്രിസ്മസ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ആണ്.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച്‌ പ്രാര്‍ഥനയോടെയാണ് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടിയത്. കോവിഡിന്റെയും ഒമിക്രോണ്‍ വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് ദേവാലയങ്ങളില്‍ ശുശ്രൂഷകൾ നടന്നത്. ക്രിസ്മസ് കേക്ക് മുറിച്ചും മധുരം വിളമ്പിയും ഇഷ്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കിയും ആഘോഷം ഗംഭീരമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.