ന്യൂഡല്‍ഹി: പഞ്ചാബില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 'സംയുക്ത സമാജ് മോര്‍ച്ച' എന്ന പാര്‍ട്ടിയുടെ പേരിലാകും മത്സരം. ബല്‍ബീര്‍ സിംഗ് രാജേവലാകും പാര്‍ട്ടിയെ നയിക്കുകയെന്നും സംഘടനകള്‍ അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം. 22 കര്‍ഷക സംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ചയിലെ അംഗങ്ങള്‍.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുന്‍പോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.