സുരക്ഷാ വീഴ്ച: മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; കൂട്ടിയിടിച്ചത് മൂന്നുവാഹനങ്ങള്‍

സുരക്ഷാ വീഴ്ച: മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; കൂട്ടിയിടിച്ചത് മൂന്നുവാഹനങ്ങള്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോർട്ട് പോയ വാഹനങ്ങൾ അപകടത്തിൽ പെട്ടു. സ്വകാര്യ വാഹനം കയറിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

കാസര്‍കോട്ടെ സി.പി.എം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരേക്ക് മടങ്ങവെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.

പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തീയേറ്ററിൽ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങൾ പരസ്പരം ഇടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

പയ്യന്നൂർ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.