ഒമിക്രോണ്‍ വര്‍ധിക്കുന്നു: ന്യുഡല്‍ഹിയില്‍ കനത്ത ജാഗ്രത; ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു

ഒമിക്രോണ്‍ വര്‍ധിക്കുന്നു: ന്യുഡല്‍ഹിയില്‍ കനത്ത ജാഗ്രത; ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു

ന്യുഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ജനത്ത ജാഗ്രത. ഒമിക്രോണ്‍ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ന്യുഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്തുമസിനും പുതുവത്സരത്തിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുകയാണ്. ഏറ്റവും അധികം ഒമിക്രോണ്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ 31 പേര്‍ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകള്‍ 141 ആയി. 61 പേര്‍ ഇവിടെ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ 23 പേര്‍ രോഗമുക്തരായി. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആറ് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കിലെത്തിയത് ആശങ്കയാകുന്നു. 24 മണിക്കൂറിനിടെ ദില്ലിയില്‍ 290 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഒമിക്രോണിനെ നേരിടാന്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലെ ഈ വര്‍ഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോണ്‍ മുന്‍കരുതലിനെക്കുറിച്ചും വാക്‌സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. വാക്‌സീനേഷന്‍ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതുവര്‍ഷത്തില്‍ വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിനൊരുങ്ങുകയാണ് രാജ്യം. കൗമാരക്കാരിലെ വാക്‌സിനേഷനും, മുതിര്‍ന്നവരിലെ ബൂസ്റ്റര്‍ ഡോസിനുമുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടുണ്ട്. 15 നും 18 നുമിടയിലുള്ള ഏഴരക്കോടിയോളം വരുന്ന കൗമാരക്കാര്‍ക്കാവും അടുത്ത തിങ്കളാഴ്ച്ച മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങുക. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രികോഷണറി ഡോസ് എന്ന പേരില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.