കിഴക്കമ്പലത്തെ അക്രമം: പൊലീസ് അറസ്റ്റു ചെയ്ത 164 ല്‍ 151 പേരും നിരപരാധികളെന്ന് സാബു എം.ജേക്കബ്

കിഴക്കമ്പലത്തെ അക്രമം: പൊലീസ് അറസ്റ്റു ചെയ്ത 164 ല്‍ 151 പേരും നിരപരാധികളെന്ന്  സാബു എം.ജേക്കബ്

കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. പൊലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികളെന്നും ബാക്കിയുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വളരെ യാദൃശ്ചികമായി നടന്ന സംഭവത്തില്‍ വളരെയധികം ദുഃഖമുണ്ട്. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്താതായിരുന്നു. എന്നാല്‍ ഇവിടെ മനസിലാക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍ കേരള സമൂഹം അറിയണം.

സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പൊലീസ് പറയുന്നു. ഇതില്‍ 152 പേരെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കി 12 പേരെ എവിടെ നിന്ന് കിട്ടിയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

12 ലൈന്‍ ക്വാര്‍ട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതര സംസ്ഥാനക്കാരും. ആകെയുള്ള 12 ക്വാര്‍ട്ടേഴ്സുകളില്‍ 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്സുകളില്‍ നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്.

മലയാളികളെ മാറ്റി നിര്‍ത്തി ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റി കൊണ്ടുപോയി. എങ്ങനെ ഈ ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പൊലീസിന് മനസിലായത്?

പൊലീസ് മുന്‍വിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമ ലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാല്‍ പോലും പൊലീസിനെ അറിയിക്കും.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും എല്ലാ സഹകരണവും ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍. ബാക്കി 151 പേരും നിരപരാധികളാണ്. ജനങ്ങള കബളിപ്പിക്കാന്‍ പൊലീസ് എല്ലാവരെയും പ്രതികളാക്കിയെന്നും സാബു എം.ജേക്കബ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.