മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) പ്രകാരം വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നല്‍കാത്തത്.

ഇതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞാണ് പുതുക്കല്‍ നടപടി കേന്ദ്രം തടഞ്ഞത്. ഇക്കാര്യം സഭാ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പാവപ്പെട്ടവര്‍ക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്നായിരുന്നു കൊല്‍ക്കത്ത അതിരൂപതയുടെ പ്രതികരണം.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത പുറത്തു വന്നയുടന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.

മരുന്നും ഭക്ഷണവും ഇല്ലാതെ 22,000 രോഗികളും ജീവനക്കാരും കഴിയുകയാണെന്നും ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.

അയ്യായിരത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ഉള്ളത്. രോഗികളെ പരിചരിക്കുന്ന 750 ലധികം കെയര്‍ ഹോമുകള്‍ ഇവര്‍ക്കുണ്ട്. അതില്‍ 243 എണ്ണം ഇന്ത്യയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയാണ് മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.