കൗമാരക്കാരിലെ വാക്സിനേഷന്‍: കേരളത്തില്‍ നല്‍കേണ്ടത് 15ലക്ഷത്തിലേറെ കുട്ടികള്‍ക്ക്

 കൗമാരക്കാരിലെ വാക്സിനേഷന്‍: കേരളത്തില്‍ നല്‍കേണ്ടത് 15ലക്ഷത്തിലേറെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കൗമാരക്കാരുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും.

എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനന തിയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതല്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മതിയാകും. ഈ പ്രായപരിധിയില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോണ്‍ പശ്ചത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.58 ശതമാനം പേര്‍ക്ക് (2,60,63,883) ആദ്യ ഡോസ് വാക്സിനും 76.67 ശതമാനം പേര്‍ക്ക് (2,04,77,049) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,65,40,932 ഡോസ് വാക്സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 89.10 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 61.51 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.