കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് അവസാനിപ്പിക്കുന്നു; ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും

കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് അവസാനിപ്പിക്കുന്നു; ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയില്‍ സ്ഥാപിച്ച അഞ്ച് കൂടുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി.

ഉള്‍വനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാല്‍ 70 ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. കഴുത്തില്‍ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നല്‍കേണ്ടതിനാല്‍ തിരച്ചില്‍ പൂര്‍ണമായി നിര്‍ത്തുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കാണാമറയത്താണ് കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവയെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായാണ് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയത്.

രാവിലെ മുതല്‍ വൈകിട്ട് വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കടുവ എവിടേക്ക് കടന്നുവെന്ന സൂചന പോലും വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചില്ല. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്നും ഇറ്റു വീണ ചോരപ്പാടുകള്‍ കണ്ടെത്തിയ ഒരു സംഘം ഇത് പിന്തുടര്‍ന്ന് പോയെങ്കിലും നിരാശയായിരുന്നു ഫലം. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.