മയക്കുമരുന്ന് മാഫിയയെ മുട്ടുകുത്തിക്കാന്‍ ലഹരി വിരുദ്ധ കര്‍മസേനയ്ക്ക് കേന്ദ്ര നിര്‍ദേശം: ഏകോപനത്തിന് ദേശീയ തലത്തില്‍ കോള്‍ സെന്റര്‍

മയക്കുമരുന്ന് മാഫിയയെ മുട്ടുകുത്തിക്കാന്‍ ലഹരി വിരുദ്ധ കര്‍മസേനയ്ക്ക് കേന്ദ്ര നിര്‍ദേശം: ഏകോപനത്തിന് ദേശീയ തലത്തില്‍ കോള്‍ സെന്റര്‍

ന്യൂഡൽഹി: രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍മസമിതി രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം.

തീരദേശ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയും വിപുലവുമായ സുരക്ഷാ പരിശോധനയും വേണം. ദേശീയതലത്തില്‍ കോള്‍ സെന്റര്‍ തുടങ്ങും. ചികിത്സാ മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കും. 2018-21 കാലയളവില്‍ പിടിച്ചെടുത്തത് 1,881 കോടി രൂപയുടെ ലഹരിമരുന്നാണ്. 2011-14 കാലയളവില്‍ 604 കോടി രൂപയുടേതായിരുന്നു. അന്വേഷണ ഏജന്‍സികളുടെ ഏകോപനം കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണം. ഡിജിപിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍മസമിതി രൂപീകരിക്കണം. ഇവയെ എന്‍ബിസിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നിയന്ത്രിക്കും. പോലീസ്, അര്‍ധസേന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കണ്ടെയ്‌നര്‍ സ്‌കാനുകള്‍ അടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തുറമുഖങ്ങളില്‍ പരിശോധന കടുപ്പിക്കണം.

ഡ്രോണുകളും സാറ്റ്‌ലൈറ്റ് സാങ്കേതിക വിദ്യയും ഉപയോഗിച്ച്‌ ലഹരി വസ്തുക്കളുടെ ഉല്‍പാദനവും കൃഷിയും കണ്ടെത്തണം. ചികിത്സ മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫാര്‍മരംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കും.

ലഹരി വിരുദ്ധ നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയതലത്തില്‍ കോള്‍ സെന്റര്‍ തുടങ്ങും. ക്രിപ്‌റ്റോ കറന്‍സിയും ഡാര്‍ക്ക്‌നൈറ്റും അടക്കം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ സംവിധാനം കൊണ്ടുവരും. ലഹരി മാഫിയയോട് വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.