കൊച്ചി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.
കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ മാത്രമാണെന്ന് വ്യക്തമാണെന്നും ഐക്യജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
കേരളത്തില്‍ സമീപകാലങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമ പ്രവര്‍ത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേല്‍ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാന്‍ കാലമായിട്ടില്ല.
നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് 2012 ല്‍ അന്നത്തെ കേരളാ പോലീസ് ഇന്റലിജന്‍സ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001 ല്‍ നിരോധിക്കപ്പെട്ട സിമി.
അതിന്റെ തുടര്‍ച്ചയെന്നോണം 2006 ല്‍ സ്ഥാപിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടും ആരംഭം മുതല്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരള സമൂഹത്തില്‍ ഭീതിയും ആശങ്കയും വളര്‍ത്തുകയും ചെയ്തു വന്നിരുന്നതിനാല്‍ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളില്‍നിന്ന് പലപ്പോഴായി ഉയര്‍ന്നിട്ടുള്ളതാണ്. പ്രവര്‍ത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാല്‍ അത് ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന് അനേകര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ നടത്തുന്നുമുണ്ട്.
ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാന്‍ ഇടയാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളില്‍ പരസ്പരം സഹായിക്കാനും പിന്തുണ നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കും ബാധ്യതയുണ്ട്.
എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്.
തീവ്ര ഹിന്ദുത്വ വാദികളുടെ ഭാഗത്തു നിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയും അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്.
ഈ ഘട്ടത്തില്‍ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്. എന്നാല്‍ മുതലെടുപ്പുകള്‍ക്കായും സ്ഥാപിത താല്‍പര്യങ്ങളോടെയും പിന്തുണയ്ക്കാന്‍ എന്ന വ്യാജേന വന്നു ചേരുന്നവരെ അകറ്റി നിര്‍ത്തുക തന്നെ വേണം. പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും വിവേക പൂര്‍വ്വമായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
മതമൗലിക വാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തു നിന്നുള്ള അതിക്രമങ്ങള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ താല്‍ക്കാലിക നേട്ടത്തിനായി ഒരു വര്‍ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല എന്നറിയിക്കുകയാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.