സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങള്‍ ആശങ്കാജനകം: കെസിബിസി

സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങള്‍ ആശങ്കാജനകം: കെസിബിസി

കൊച്ചി: ക്രൈസ്തവര്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). തീവ്ര വര്‍ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാ മനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു.

കഴിഞ്ഞ ചില ദിവസങ്ങള്‍ക്കിടയില്‍ മാത്രം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ക്രൈസ്തവര്‍ക്കെതിരെ വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ മാസം കഴിയും തോറും ഇത്തരം സംഭവങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വര്‍ധിക്കുന്ന അതിക്രമങ്ങളും ചില നിയമ നിര്‍മാണങ്ങളും ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതുമാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതും അത്തരം നിയമങ്ങള്‍ പരിഗണനയിലുള്ളതുമായ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും കത്തോലിക്കാ വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്.

മിക്കവാറും ആക്രമണങ്ങള്‍ക്ക് മുമ്പ് മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന അക്രമങ്ങള്‍ക്കും കെട്ടിച്ചമച്ച കേസുകള്‍ക്കും പിന്നില്‍ ചില ഗൂഢാലോചനകള്‍ സംശയിക്കാവുന്നതാണെന്നും കെസിബിസി വ്യക്തമാക്കി.

ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെ രാജ്യത്ത് അരക്ഷിതാവസ്ഥ അധികരിച്ചു വരുന്നതിനെ നിസാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നത് അപമാനകരമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളില്‍ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തര്‍ക്കും ഒട്ടേറെ വൈദികര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും നടപടികള്‍ സ്വീകരിക്കണം.

വര്‍ഗീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്ന വ്യാജ വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍, നിയമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിയന്ത്രിക്കാനും ഇത്തരം സാഹചര്യങ്ങളില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാനും ഭരണാധികാരികള്‍ തയാറാകണം.

കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് സന്യസ്തരും വൈദികരും എണ്ണമറ്റ ക്രൈസ്തവ കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് ഇത്തരം ഭീഷണികളെ നേരിടുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രത്യേകമായി ഇടപെടണമെന്നും കെസിബിസി പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.