ഒമിക്രോണ്‍: കോവിഡ് 'സൂനാമി' ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി; കേരളത്തില്‍ സാമൂഹിക വ്യാപന സാധ്യതയെന്ന് വിദഗ്ധര്‍

ഒമിക്രോണ്‍: കോവിഡ് 'സൂനാമി' ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി; കേരളത്തില്‍ സാമൂഹിക വ്യാപന സാധ്യതയെന്ന് വിദഗ്ധര്‍

കേരളത്തില്‍ ഒന്നര മാസത്തിനുള്ളില്‍ ദിവസവും 25,000 ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍.

ജനീവ: കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം ലോകത്ത് കോവിഡ് 'സൂനാമി' ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്.

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ഇരട്ട ഭീഷണി ആണ്. പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാകാം. ഇത് ആരോഗ്യ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കും. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നതായും ഗെബ്രിയേസസ് വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ വരുന്ന ഒന്നര മാസത്തിനുള്ളില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒന്നര മാസത്തിനുള്ളില്‍ ദിവസവും 25,000 ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

കൂടിയ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് മാത്രമല്ല ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീന്‍ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താന്‍ സാധിക്കാത്ത കേസുകളും ഉണ്ട്.

രോഗബാധിതരായി എത്തുന്നവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ പല കേസുകളിലും സാധിച്ചിട്ടില്ല. ഇവര്‍ സമൂഹത്തില്‍ ഇറങ്ങിനടന്ന് രോഗവ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വന്നു പോയവര്‍ക്കും രോഗം വരാം. ചില കേസുകളില്‍ പ്രതിരോധ ശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

ഡല്‍ഹിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് വലിയ തീവ്രതയില്ലെങ്കിലും കേസുകള്‍ ഇരട്ടിയിലധികം കൂടിയാല്‍ ചികിത്സാരംഗത്ത് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.