നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു

നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാര്‍ രാജിവച്ചു. വിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് രാജി.

കേസില്‍ പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വാദത്തിനിടെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്​ജി ഹണി വര്‍ഗീസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇയാള്‍ പിന്നീട് രാജിക്കത്ത് സമര്‍പ്പിച്ചു.

കേസില്‍ ഒമ്പത് പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്​തരിക്കാന്‍ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഇതിനോടകം തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസില്‍ വിചാരണ നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിര്‍ത്തിവക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്റെ ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഈ കേസില്‍ വിചാരണ ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവക്കുന്ന രണ്ടാമത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. കഴിഞ്ഞ വ‌ര്‍ഷം ഒക്ടോബറില്‍ ഇതേ കാരണത്താല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം എ സുരേഷന്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍കുമാറിനെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.