തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; പഞ്ചാബിലെ കോണ്‍ഗ്രസ് റാലി മാറ്റി വെച്ചേക്കും

തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍  രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; പഞ്ചാബിലെ കോണ്‍ഗ്രസ് റാലി മാറ്റി വെച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് മുറുകവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിദേശ പര്യടനത്തിന്. രാഹുല്‍ നാളെ ഇറ്റലിക്ക് പോകുമെന്നാണ് വിവരം. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

വ്യക്തിപരമായ കാര്യങ്ങളാല്‍ രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകുകയാണ്. ബിജെപിയും മാധ്യമ സുഹൃത്തുക്കളും അനാവശ്യ അപവാദങ്ങള്‍ പരത്തരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ എത്ര ദിവസത്തേക്കാണ് യാത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ജനുവരി മൂന്നിന് മോഗ ജില്ലയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പര്യടനത്തെ തുടര്‍ന്ന് മോഗയിലെ റാലി മാറ്റി വെച്ചേക്കുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്ന സമയത്തുതന്നെ പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് മോഡിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ബിജെപിയുടെ റാലി നടക്കുക. രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാക്കാനും ബിജെപി ശ്രമിക്കും.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് പാര്‍ട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് പഞ്ചാബില്‍ കോണ്‍ഗ്രസ്. ന അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഠിന പരിശ്രമം വേണ്ടി വരും. അതിനിടെ രാഹുലിന്റെ അപ്രതീക്ഷിത വിദേശ പര്യടനവും അതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നീട്ടിവെക്കുന്നതും തിരിച്ചടിയാകുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

നേരത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പും രാഹുല്‍ ഗാന്ധി ഇറ്റലിയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരു മാസത്തോളമാണ് വിദേശത്ത് തങ്ങിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാവിന്റെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് തലേന്ന് രാഹുല്‍ തിരിച്ചെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.