ന്യൂഡല്‍ഹി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ എട്ട് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ വന്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. 13,154 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ഇന്ന് 961 ആയി വര്‍ധിച്ചു. രോഗ ബാധിതരുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഡല്‍ഹിയില്‍ ഇതുവരെ 263 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 252, ഗുജറാത്തില്‍ 97, രാജസ്ഥാനില്‍ 69, കേരളത്തില്‍ 65, തെലങ്കാനയില്‍ 62, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍.
ഡല്‍ഹിക്ക് പുറമെ മുംബൈ, ഗുര്‍ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. മുംബൈയില്‍ ബുധനാഴ്ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
അതേസമയം ഡല്‍ഹിയില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഡല്‍ഹിയിലെ ആശുപത്രികളില്‍ കഴിയുന്ന രാജ്യാന്തര യാത്രക്കാരടക്കം 200 പേരില്‍ 115 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ ആശുപത്രികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.