ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ദാനമായേകിയ വൃക്ക സ്വീകരിച്ച റിന്‍സി മസ്തിഷ്‌ക ട്യൂമറിനു കീഴടങ്ങി

ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ദാനമായേകിയ വൃക്ക സ്വീകരിച്ച റിന്‍സി മസ്തിഷ്‌ക ട്യൂമറിനു കീഴടങ്ങി

കൊച്ചി: ഏഴു വര്‍ഷം മുമ്പ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ദാനമായേകിയ വൃക്ക സ്വീകരിച്ച് ജീവിതം തിരികെ പിടിച്ച റിന്‍സി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ മേയ് അവസാനം വാഹനാപകടത്തെത്തുടര്‍ന്നു മരിച്ച ചെറിയാനച്ചനെ പിന്തുടര്‍ന്ന് തോപ്പുംപടി കാട്ടേത്ത് ഹൗസില്‍ റിന്‍സി സിറിള്‍ (25) സ്വര്‍ഗത്തിലേക്കു യാത്രയായത് മസ്തിഷ്‌ക ട്യൂമര്‍ മൂലമാണ്.

2014 ല്‍ സത്യദീപം ചീഫ് എഡിറ്റര്‍ ആയിരിക്കവേയാണ് എറണാകുളം അതിരൂപതാംഗമായ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ തന്റെ വൃക്കകളിലൊന്ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളില്‍ പ്ലസ് ടൂ വിന് പഠിക്കുകയായിരുന്ന റിന്‍സിക്കു നല്‍കിയത്. ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി മരണത്തോടു മല്ലിടുകയായിരുന്ന റിന്‍സിയുടെ ചികിത്സയ്ക്ക് ധനസഹായം രൂപീകരിക്കാന്‍ ഒരു സംഘടന രൂപികരിച്ച വിവരമറിഞ്ഞ് അമൂല്യമായ വൃക്കദാനത്തിനു സമ്മതമറിയിക്കുകയായിരുന്നു.

സംഘടനയുമായും റിന്‍സിയുടെ ഇടവക വികാരി ഫാ.ടോമി മണക്കാടുമായും ബന്ധപ്പെട്ട് തന്റെ തീരുമാനമറിയിച്ചതിന് പിന്നാലെ ആ മഹാ ദാനത്തിനു പിന്നിലെ മനോഭാവത്തെപ്പറ്റി ഫാ. ചെറിയാന്‍ തന്റെ സ്വസിദ്ധമായ പുഞ്ചിരിയോടെ വിശദമാക്കിയതിങ്ങനെ: 'ആര്‍ക്കൊക്കെ വേണ്ടിയാണോ എന്റെ ജീവന്‍ സമര്‍പ്പിക്കപ്പേടേണ്ടത് അവരിലൊരാളെ കണ്ടെത്തിയ യേശു സ്‌നേഹത്തിന്റെ ആവേശത്തിലാണ് ഞാന്‍'. ശസ്ത്രക്രിയയ്ക്കു ശേഷം താന്‍ അനുഭവിച്ച ശാരീരിക അസ്വസ്ഥതകളെ ആത്മസമര്‍പ്പണത്തിന്റെ ബലത്തില്‍ അവഗണിച്ച് റിന്‍സിയുടെ അതിജീവനത്തിനായുള്ള കാര്യങ്ങള്‍ക്കും അവളുടെ കുടുംബത്തിനും അദ്ദേഹം തുണയേകി, കഴിഞ്ഞ മെയ് മാസം വരെ.

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) 2021 മെയ് 22 നാണു മരണപ്പെട്ടത്. എറണാകുളം - അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയും ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലിനുമായിരുന്നു ചെറിയാനച്ചന്‍. മരട് പി.എസ്. മിഷന്‍ ആശുപത്രിയ്ക്കു സമീപം മേയ് 13നു സായാഹ്ന സവാരിക്കിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അദ്ദേഹത്തിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.

റിന്‍സിയുടെ മാതാപിതാക്കള്‍: സിറിള്‍ തോമസ്, റീന (തമ്മനം സെയ്ന്റ് ജൂഡ് സ്‌കൂള്‍ മുന്‍ അധ്യാപിക). സഹോദരി: റിയ. സംസ്‌കാരം കഴുത്തുമുട്ട് സാന്തോം ദേവാലയത്തില്‍ നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.