പുതുവത്സരത്തില്‍ രാത്രി ആഘോഷം നടക്കില്ല; പരിശോധന കടുപ്പിക്കാന്‍ കൂടുതല്‍ പൊലീസ്

പുതുവത്സരത്തില്‍ രാത്രി ആഘോഷം നടക്കില്ല; പരിശോധന കടുപ്പിക്കാന്‍ കൂടുതല്‍ പൊലീസ്

തിരുവനന്തപരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലുള്ള രാത്രി നിയന്ത്രണം ഇന്നലെ മുതല്‍ ആരംഭിച്ചു. ഇതോടെ ഇന്നത്തെ പുതുവത്സരാഘോഷവും രാത്രി 10 വരെ മാത്രമായിരിക്കും. നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ മുന്നോടിയായി പൊലീസ്എക്‌സൈസ് പരിശോധനകള്‍ ശക്തമാക്കി.

ഇന്നലെ മുതല്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പൊലീസ് എക്‌സൈസ് സംയുക്ത പരിശോധന തുടങ്ങി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണു നിയന്ത്രണങ്ങള്‍. ഇന്ന് രാത്രി പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഭക്ഷണശാലകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാത്രി 10വരെ മാത്രമേ തുറക്കാന്‍ പാടുള്ളു.

ബീച്ചുകളും ക്ലബുകളിലും നിയന്ത്രണമാക്കിയതോടെ നാട്ടില്‍ തന്നെ ആഘോഷമാക്കാനാണ് യുവ കൂട്ടങ്ങളുടെ തീരുമാനം. ജില്ലയിലെ പലയിടങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സംഘങ്ങളുടെയും നേതൃത്വത്തില്‍ രാത്രി 10 വരെ ആഘോഷങ്ങള്‍ നടത്താനാണ് പലയിടങ്ങളിലും തീരുമാനിച്ചിട്ടുള്ളത്.

വലിയ ആള്‍ക്കൂട്ടം എത്താന്‍ സാധ്യതയുള്ള ബീച്ചുകള്‍ പൊലീസ് വലയത്തിലാകും. ബീച്ചുകളില്‍ ആള്‍ക്കൂട്ടം നിരീക്ഷിക്കാനും ആഘോഷം അതിരു കടക്കാതിരിക്കാനുമായി പൊലീസ് സംഘമുണ്ടാകും. രാത്രി 10നു ശേഷം ഒരു പരിപാടികളും അനുവദിക്കില്ലെന്നു സംഘാടകരോടു പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ കളക്ടര്‍ പൊലീസിന്റെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കാനാണു നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.