മുതിര്‍ന്ന നടന്‍ ജി.കെ പിള്ള അന്തരിച്ചു

മുതിര്‍ന്ന നടന്‍ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ ജി. കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓര്‍മയായത്. സീരിയല്‍, സിനിമാ രംഗങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. മാത്രമല്ല രണ്ടാം ലോകമഹായുദ്ധത്തില്‍ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള.

മലയാള സിനിമയില്‍ സ്ഥിരം വില്ലന്‍ പദവി നേടിയ ആദ്യനടന്‍ അദ്ദേഹമാണ്. 1958ല്‍ പുറത്തിറങ്ങിയ 'നായരു പിടിച്ച പുലിവാലി'ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350ഓളം സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി കെ പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. സിനിമയില്‍ പ്രേംനസീറാണ് അദ്ദേഹത്തിന്റെ പ്രചോദനം. പട്ടാള ജീവിതം ഉപേക്ഷിച്ചാണ് സിനിമാ പ്രവേശം.

14ാം വയസ്സില്‍ സ്വാതന്ത്ര്യസമരക്കാര്‍ക്കൊപ്പം കൂടിയ വിദ്യാര്‍ത്ഥി. കര്‍ക്കശക്കാരനായ അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തു. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തില്‍. സ്വാതന്ത്ര്യാനന്തരം വര്‍ഗീയ കലാപങ്ങളില്‍ മരിച്ചു വീണ മനുഷ്യരെ എടുത്തു മാറ്റാനും ലഹളക്കാരെ അടിച്ചമര്‍ത്താനും നിയോഗിക്കപ്പെട്ടവരില്‍ ജി കെയും ഉണ്ടായിരുന്നു. 'പത്മശ്രീ' തുടങ്ങിയ പുരസ്‌കാരങ്ങള്‍ പടിവാതില്‍ വരെ എത്തി പിന്‍വലിഞ്ഞ ചരിത്രമുളള കലാകാരനുമാണ് അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദ പിള്ളയുടെയും ജാനകിയുടെയും മകനായാണ് ജനനം. ജി കെ പിള്ളയുടെ ഭാര്യ ഉല്‍പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. മക്കള്‍: പ്രതാപ ചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.

ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തില്‍ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളില്‍ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.