കോട്ടയം : പാലാ രൂപതാ പ്രവാസി അപ്പോസ്തോലറ്റിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി വർഷാവസാന കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ന് മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങുകൾ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘടനം ചെയ്തു.
പാലാ രൂപത വിശ്വാസ സംരക്ഷണത്തിലും പരിപാലനത്തിലും എന്നും മുൻപന്തിയിൽ ഉണ്ടെന്നും രൂപതയുടെ മക്കളായ ഓരോ പ്രവാസികളും തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഹോദരങ്ങൾ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര മനോഹരം എന്ന വചനം പറഞ്ഞുകൊണ്ട്, പ്രശ്നങ്ങളുടെയും സങ്കീർണതകളുടെയും നടുവിൽ പ്രവാസികളായ വിശ്വാസികളും സഭയോട് ചേർന്ന് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു.
വികാരി ജനറാൾ ഫാ ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ആഫ്രിക്കയിൽ മിഷൻ പ്രവർത്തങ്ങൾ നടത്തുന്ന ഫാ. ജോർജ് നെടുമറ്റം ആശംസാ പ്രസംഗം നടത്തി. രൂപതാ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ സ്വാഗതവും ഷാജിമോൻ മങ്കുഴിക്കരി നന്ദിയും പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിൽ 37 ലോക രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ച പ്രവാസി അപ്പോസ്തോലേറ്റിനെയും അതിന്റെ ഡയറക്ടർ ഫാ കുര്യാക്കോസ് വെള്ളച്ചാലിനെയും പ്രതിനിധികൾ അഭിനന്ദിച്ചു. ക്രൈസ്തവ വിശ്വാസം പരിപാലിക്കുന്നതിലും പുതുതലമുറയെ ധാർമ്മികതയിൽ വളർത്തുന്നതിനും മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഗ്ലോബൽ മീഡിയ സെൽ ചീഫ് കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് പ്രസംഗിച്ചു.
പാലാ രൂപതാ പ്രവാസി അപ്പോസ്തോലേറ്റ് അംഗമായ ലിസി ഫെർണാഡിസിനെ ചടങ്ങിൽ പ്രത്യേക സ്മരണിക നൽകി ആദരിച്ചു. വിവിധ രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവച്ച പ്രവാസികൾക്ക് പ്രത്യേക ആദരവും സ്മരണികയും നൽകി. മടങ്ങി വന്ന പ്രവാസികളും ഉൾപ്പെടെ നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടുകൂടി സമാപിച്ചു. കരോൾഗാനം, പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ കൂട്ടായ്മയ്ക്ക് മികവേകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.