യാംബു: അവധിയില്‍ പോയ യാംബുവിലെ മലയാളി നാട്ടില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. യാംബു അല്‍ അന്‍സാരി സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) എന്ന യുവാവാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കിടെ മരിച്ചത്.
ജിദ്ദയിൽ നിന്നും നാനൂറ് കിലോമീറ്റർ ദൂരെയുള്ള യാംബു അന്‍സാരി ആശുപത്രിയില്‍ തന്നെ ജോലി ചെയ്തിരുന്ന ഭാര്യ അനിത പ്രസവാവധിയില്‍ ഒക്ടോബറില്‍ നാട്ടില്‍ പോയിരുന്നു. ജൂണോ കുര്യാക്കോസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. ഈ മാസം 24 നാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. കൊച്ചി രാജഗിരി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. അടുത്ത മാസം കുടുംബത്തോടൊപ്പം യാംബുവിലേക്കു മടങ്ങാനിരിക്കെയുണ്ടായ അപകട മരണം യാംബുവിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ നൊമ്പരമായി. നാല് വര്‍ഷത്തോളമായി യാംബു അല്‍ അന്‍സാരി ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന ഇദ്ദേഹം ആശുപത്രിയിലെത്തുന്ന മലയാളികള്‍ക്കും മറ്റും നല്ല സേവനം നല്‍കുന്നതില്‍ എന്നും മുമ്പിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
കോവിഡ് തുടക്ക കാലത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്ന ആതുര സേവനമാണ് ഈ നഴ്‌സ് ദമ്പതികൾ കാഴ്ചവെച്ചിരുന്നതെന്ന് ജിദ്ദ നവോദയ യാംബു ഏരിയ സെക്രട്ടറി അജോ ജോര്‍ജ് പറഞ്ഞു. നവോദയ ആര്‍.സി യൂനിറ്റ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജൂണോ കുര്യാക്കോസ്. കുര്യാക്കോസ് എന്ന കുഞ്ഞുമോന്‍ ആണ് പിതാവ്, മാതാവ്: കുഞ്ഞുമോള്‍, മക്കള്‍: ഇമ്മാനുവേല്‍ ജൂണോ, ബേസില്‍ ജൂണോ, സഹോദരി: ജീത്തൂ കുര്യാക്കോസ്. മൃതദേഹം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.