അനുദിന വിശുദ്ധര്‍ - ജനുവരി 01
പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ഇന്ന് പുതുവത്സരം ആരംഭിക്കുകയാണ്. പഴയ നിയമ, പുതിയ നിയമ ഗ്രന്ഥങ്ങളുള്‍പ്പെടുന്ന വേദപുസ്തകവും പൂജ്യ പാരമ്പര്യവും പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യ രക്ഷാ പദ്ധതിയിലുള്ള അഗ്രഗണ്യ സ്ഥാനം വ്യക്തമാക്കുന്നു.
ദൈവ വചനം മനുഷ്യനായി അവതരിക്കണമെന്ന് ദൈവം തിരുവുള്ളമായപ്പോള്‍ പരിശുദ്ധ കന്യകാമറിയത്തെ തിരുസുതന്റെ മാതാവായി അവിടുന്ന് തെരഞ്ഞെടുത്തു. അതേ പരിപാലനയുടെ ക്രമീകരണം വഴി അവള്‍ ദൈവത്തിന്റെ എളിയ ദാസിയും ലോക രക്ഷകന്റെ വത്സല മാതാവുമായി. ദേവാലയത്തില്‍ വച്ച് പിതാവിന് സ്വസുതനെ അവള്‍ സമര്‍പ്പിച്ചു. അവിടുന്നു കുരിശില്‍ പിടഞ്ഞു മരിച്ചപ്പോള്‍ ആ പീഡകളില്‍ അവള്‍ പൂര്‍ണമായി പങ്കുചേര്‍ന്നു.
തന്റെ അനുസരണം, വിശ്വാസം, ശരണം, പരസ്നേഹം എന്നിവ വഴി തികച്ചും അനിതര സാധാരണമായ വിധത്തില്‍ ആത്മാക്കള്‍ക്ക് അതിസ്വാഭാവിക ജീവന്‍ നേടിക്കൊടുക്കാനുള്ള രക്ഷാകര ദൗത്യത്തില്‍ പരിശുദ്ധ അമ്മ സഹകരിക്കുന്നു. അങ്ങനെ പ്രസാദവര മണ്ഡലത്തില്‍ അവള്‍ മാനവരാശിയുടെ മുഴുവന്‍ മാതാവായി തീര്‍ന്നു.
ഓരോ വ്യക്തിക്കും നിത്യ രക്ഷയ്ക്കാവശ്യമായ ദാനങ്ങള്‍ സമ്പാദിച്ചു നല്‍കുന്നതില്‍ അമ്മ ബദ്ധശ്രദ്ധയാണ്. വൈവിധ്യമാര്‍ന്ന വിധങ്ങളിലാണ് അവള്‍ തന്റെ മാധ്യസ്ഥ്യം നിര്‍വഹിക്കുന്നത്. അപകടങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത യാത്ര നടത്തുന്ന തന്റെ മക്കള്‍ സൗഭാഗ്യകരമായ പിതൃരാജ്യം സ്വന്തമാക്കുന്നതുവരെ മാതൃസഹജമായ വാത്സല്യത്തോടെ അവള്‍ അവരുടെ സംരക്ഷണം തുടരുന്നു. അതുകൊണ്ടാണ് തിരുസഭ മാതാവിനെ അഭിഭാഷക, സഹായിക, ഉപകാരിണി, മധ്യസ്ഥ തുടങ്ങിയ പേരുകളില്‍ വിളിച്ചപേക്ഷിക്കുന്നത്.
പരിശുദ്ധ അമ്മ ലൂര്‍ദ്ദില്‍ വിശുദ്ധ ബര്‍ണര്‍ദീത്തയ്ക്കു വെളിപ്പെടുത്തിയ സത്യമാണു താന്‍ അമലോത്ഭവയാണന്നത്. സര്‍വ്വഗുണ സമ്പന്നയാണ് പരിശുദ്ധ കന്യകാമറിയം.
തന്റെ പുത്രന്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ മാലാഖമാരിലും വിശുദ്ധരിലും ഉപരിയായി ദൈവം കാരുണ്യപൂര്‍വ്വം ഉയര്‍ത്തിയ മറിയത്തെ, മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ പരിശുദ്ധ മാതാവും ഈശോയുടെ ജീവിത രഹസ്യങ്ങളില്‍ സവിശേഷമായ വിധത്തില്‍ സഹകാരിണിയുമായി സഭ പ്രത്യേകമാം വിധം ആദരിക്കുന്നത് ന്യായവും യുക്തവുമാണ്. വിശ്വാസികള്‍ തങ്ങളുടെ സകല ആവശ്യങ്ങളിലും അപകടങ്ങളിലും പരിശുദ്ധ അമ്മയില്‍ ആശ്രയിക്കുക സര്‍വ്വ സാധാരണമാണ്.
ആത്മ ശരീരങ്ങളോടെ സ്വര്‍ഗത്തില്‍ മഹത്വീകൃതയായിരിക്കുന്ന പരിശുദ്ധ അമ്മ ലോകാവസാനത്തില്‍ പൂര്‍ത്തിയാകാനിരിക്കുന്ന സഭയുടെ പ്രതിച്ഛായയും ആരംഭവും ആണ്. അതുപോലെ തന്നെ കര്‍ത്താവിന്റെ ദിവസം ഉദയം ചെയ്യുന്നതുവരെ (2 പത്രോ. 3:10) അമ്മ ഭൂമുഖത്തു തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഇന്നത്തെ ഇതര വിശുദ്ധര്‍
2. ബെയോക്ക് അഥവാ ഡെബെയോക്ക്
5. ഐറിഷ് മഠാധിപനായിരുന്ന കുവാന്‍
1. അലമാക്കിവൂസ് അഥവാ ടെലെമാക്കിയൂസ്
3. വിയെന്‍ ആശ്രമത്തിലെ ആബട്ടായിരുന്ന ക്ലാരൂസ്
4. കില്‍ഡാറിലെ വിശുദ്ധ ബ്രിജീത്തായുടെ മഠാധിപതിയായിരുന്ന കോന്നോത്ത്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.